ചാംപ്യന്‍മാരെ വീഴ്ത്തി ആതിഥേയര്‍; ഇംഗ്ലണ്ടിന് വമ്പന്‍ ജയം

ധക്ക: ഐസിസി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ബംഗ്ലാദേശിനും മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം.
ഇന്നലെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ് നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്കയെ 43 റണ്‍സിന് അട്ടിമറിക്കുകയായിരുന്നു. ഗ്രൂപ്പ് എയിലെ രണ്ടാമങ്കത്തില്‍ 299 റണ്‍സിന് ഫിജിയെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ട് കരുത്ത് കാട്ടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 240 റണ്‍സെടുത്തു. 82 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 73 റണ്‍സെടുത്ത നാസ്മുല്‍ ഹുസെയ്ന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ 48.4 ഓവറില്‍ 197 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. ചാംപ്യന്‍മാര്‍ക്കു വേണ്ടി സെഞ്ച്വറിയുമായി ഓപണര്‍ ലിയാം സ്മിത്ത് (100) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. 146 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്.
ബംഗ്ലാദേശിനു വേണ്ടി മെഹദി ഹസന്‍ മിറാസും മുഹമ്മദ് സെയ്ഫുദീനും മൂന്നു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
അതേസമയം, ഡാന്‍ ലാവ്‌റന്‍സിന്റെയും (174) ജാക്ക് ബുര്‍നഹാമിന്റെയും (148) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഫിജിക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ ജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 371 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 27.3 ഓവറില്‍ 72 റണ്‍സിന് ഫിജിയുടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. ഇംഗ്ലണ്ടിനു വേണ്ടി സാക്വിബ് മഹ്മൂദും ഷാം ഖുറാനുംമൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 150 പന്തില്‍ 25 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് ലാവ്‌റന്‍സ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. 137 പന്തില്‍ 19 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് ബുര്‍നഹാമിന്റെ ഇന്നിങ്‌സ്.
Next Story

RELATED STORIES

Share it