ചാംപ്യന്‍മാരെ വീഴ്ത്താന്‍ ചെന്നൈ

പൂനെ: ഐഎസ്എല്ലിലെ രണ്ടാം സെമി ഫൈനലിലെ ഒന്നാംപാദ പോരാട്ടം ഇന്ന് അരങ്ങേറും. നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ശക്തരായ ചെന്നൈയ്ന്‍ എഫ്‌സിയും തമ്മിലാണ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ചെന്നൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂനെയിലെ ശിവ് ഛത്രാപതി സ്‌റ്റേഡിയത്തിലാണ് മല്‍സരം. രണ്ടാംപാദം വ്യാഴാഴ്ച കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കും. തുടകത്തിലെ തിരിച്ചടികള്‍ക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ടീമുകളാണ് കൊല്‍ക്കത്തയും ചെന്നൈയും. ഇതില്‍ ചെന്നൈയുടെ തിരിച്ചുവരവ് അവിസ്മരണീയമായിരുന്നു. അവസാന നാലു കളികളില്‍ തകര്‍പ്പന്‍ വിജയം നേടിയാണ് ചെന്നൈ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. എന്നാല്‍, ഈ പ്രകടനം കൊല്‍ക്കത്തയ്‌ക്കെതിരേ ആവര്‍ത്തിക്കുകയെന്നത് മാര്‍കോ മറ്റെരാസി പരിശീലിപ്പിക്കുന്ന ചെന്നൈക്ക് ബുദ്ധിമുട്ടേറിയതാണ്. ഈ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും കൊല്‍ക്കത്തയ്‌ക്കൊപ്പമാണ് വിജയം നിന്നത്. എങ്കിലും ചാംപ്യന്‍മാരെ വീഴ്ത്തി ഫൈനലിനരികിലെത്താനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ മന്നന്‍മാര്‍. രണ്ടാംപാദം കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടിലാണെന്നതും ഇന്നത്തെ മല്‍സരം ചെന്നൈക്ക് നിര്‍ണായകമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it