Flash News

ചാംപ്യന്‍മാരായി കൊളംബിയ പ്രീക്വാര്‍ട്ടറില്‍

ചാംപ്യന്‍മാരായി കൊളംബിയ പ്രീക്വാര്‍ട്ടറില്‍
X

സമറ: പ്രീക്വാര്‍ട്ടര്‍ കടമ്പ കടക്കാന്‍ ജീവന്‍മരണ പോരാട്ടം കണ്ട ഗ്രൂപ്പ് എച്ചിലെ കൊളംബിയ- സെനഗല്‍ കൊമ്പുകോര്‍ക്കലില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം കണ്ട് കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് രംഗപ്രവേശനം നടത്തി. പരാജയപ്പെട്ട സെനഗല്‍ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. സെനഗലിന് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാന്‍ സമനില മാത്രവും കൊളംബിയക്ക് ജയം മാത്രവും വേണ്ടിയ മല്‍സരത്തിലാണ് കൊളംബിയയുടെ അപ്രതീക്ഷിത വിജയം. ബാഴ്‌സ താരം യെറി മിനയാണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്. പന്തടക്കത്തില്‍ കൊളംബിയയാണ് മുന്നില്‍ നിന്നതെങ്കിലും ഗോളുതിര്‍ത്ത് സെനഗലാണ് കരുത്തുകാട്ടിയത്.
ഫാല്‍ക്കാവോയെ ആക്രമണച്ചുമതലയേല്‍പ്പിച്ച് കോച്ച് ജോസ് പെക്കെര്‍മാന്‍ കൊളംബിയയെ 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ മൊണോക്കോ താരം ബാള്‍ഡെ കെയ്റ്റയെയും ടൊറിനോ താരം എംബെ നിയാങ്കിനെയും മുന്നില്‍ നിര്‍ത്തി 4-4-2 എന്ന ഫോര്‍മാറ്റിലാണ് സെനഗല്‍ തന്ത്രം മെനഞ്ഞത്.
17ാം മിനിറ്റില്‍ സസ്‌പെന്‍ഷനില്‍ നിന്നു വന്ന ഡേവിഡ്‌സന്‍ സാഞ്ചസ് ബോക്‌സില്‍ വച്ച് സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് റഫറി സെനഗലിനനുകൂലമായി പെനല്‍റ്റി വിധിച്ചെങ്കിലും വാറിലൂടെ നിഷ്ഫലമാവുകയായിരുന്നു. സെനഗലിന്റെ ആശിച്ചഗോളവസരത്തിന് വീണ്ടും കാത്തിരിപ്പായി. 25ാം മിനിറ്റില്‍ സെനഗല്‍ പോസ്റ്റിനടുത്തുവച്ച് കൊളംബിയന്‍ താരത്തെ ഫൗള്‍ ചെയ്തതിന് ഫ്രീകിക്കെടുത്ത കൊളംബിയയുടെ യുവാന്‍ ക്വിന്റെറോയുടെ ഷോട്ടിനെ ഫാല്‍ക്കാവോ തകര്‍പ്പന്‍ ഹെഡ്ഡര്‍ നടത്തിയെങ്കിലും ലൈന്‍ റഫറിയുടെ ഓഫ്‌സൈഡ് വിളിയില്‍ വിഫലമായതോടെ വീണ്ടും ഗോള്‍ ക്ഷാമം രൂക്ഷമായി. എന്നാല്‍ മല്‍സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനര്‍ഹനായ ഹാമിഷ് റാഡ്രിഗസിന് പരിക്കേറ്റതോടെ താരത്തെ പിന്‍വലിച്ച് കോച്ച് പെക്കര്‍മാന്‍ ലൂയിസ് മുറിയലിനെ ഇറക്കി. വീണ്ടും ഇരു ടീമുകളും ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഉശിരോടെയാണ് കൊളംബിയന്‍ താരങ്ങള്‍ മൈതാനത്തിറങ്ങിയത്. 49ാം മിനിറ്റില്‍ മുറിയലിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തോടെ രണ്ടാം പകുതിയില്‍ ആധിപത്യമുറപ്പിച്ചെന്ന് താക്കീത് നല്‍കിയ കെളബിയക്ക് സെനഗലിന്റെ പ്രതിരോധത്തിലൂടെ മറുപടി നല്‍കി. ഇതിനിടയ്ക്ക് 64ാം മിനിറ്റില്‍ സെനഗലിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത മാനെ തെന്നിവീണതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. എന്നാല്‍ 74ാം മിനിറ്റില്‍ യെറി മിന സെനഗല്‍ വലകുലുക്കി മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയെടുത്തു. കൊളംബിയക്ക് ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും യെറി മിനയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ സെനഗല്‍ വല തുളയ്ക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷവും 80ാം മിനിറ്റിലും സെനഗല്‍ താരങ്ങളയ മൗസ വാഗിനെയും മൗസ കെനാറ്റിയെയും പകരക്കാരായി ഇറക്കി കോച്ച് പരീക്ഷിച്ചെങ്കിലും കൊളംബിയയുടെ മികച്ച പ്രതിരോധത്തിന് മുന്നില്‍ അതൊന്നും വിലപ്പോയില്ല. 80ാം മിനിറ്റില്‍ സെനഗലിന് രണ്ട് മികച്ച ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും വീണ്ടും സെനഗല്‍ നിര അവസരം കളഞ്ഞുകുളിച്ചതോടെ ടീം വീണ്ടും സമ്മര്‍ദത്തിലായി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ഫാല്‍ക്കാവോയെ കയറ്റി പെക്കെര്‍സന്‍ മിഗ്വേല്‍ ബോറിയയെ ഇറക്കി. തുടര്‍ന്ന് ഗോള്‍ വീഴാതിരുന്നതോടെ അപ്രതീക്ഷിത ജയത്തോടെ കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. സെനഗല്‍ പുറത്തേക്കും. കഴിഞ്ഞ ലോകകപ്പിലും കൊളംബിയ പ്രീക്വാര്‍ട്ടറിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it