Kollam Local

ചവറയുടെ പ്രിയപ്പെട്ട ഫയര്‍ ഓഫിസര്‍ ഇനി അധ്യാപനത്തിലേക്ക്



ചവറ: ചവറയില്‍ രണ്ട് വര്‍ഷം മുന്നേ ഫയര്‍ സ്‌റ്റേഷന്‍ അനുവദിച്ചപ്പോള്‍ ചവറ നിവാസികള്‍ക്ക് ലഭിച്ചത് മികച്ച ഒരു ഓഫിസറെ കൂടിയായിരുന്നു. ഒരു ഫയര്‍ സ്‌റ്റേഷന്‍ മേധാവി എന്ന പദവിയില്‍ നിന്നും വ്യത്യസ്ഥമായി ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ തെക്കുംഭാഗം കുറ്റി കിഴക്കതില്‍ ജി ഗോപകുമാര്‍ (35) സര്‍വ്വീസ് വിട്ടൊഴിഞ്ഞ് അധ്യാപക വൃത്തിയിലേക്ക് കടക്കുമ്പോള്‍ അത് ചവറയുടെ സ്വകാര്യ ദുഖം കൂടിയാണ്.  പന്ത്രണ്ട് വര്‍ഷക്കാലത്തെ അഗ്‌നി രക്ഷാനിലയ മേധാവിയുടെ ഉത്തരവാദിത്വത്തില്‍ നിന്നാണ് അധ്യാപക വൃത്തിയിലേക്ക് അദ്ദേഹം എത്തുന്നത്. സംസ്ഥാനത്ത് വയനാടൊഴികെ 13 ജില്ലകളിലും ഗോപകുമാര്‍ ജോലി നോക്കിയിട്ടുണ്ട്.  പുതിയ നിയോഗമേല്‍ക്കുന്ന ഓഫിസര്‍ക്ക്  സഹ പ്രവര്‍ത്തകര്‍ ഹൃദയംഗമായ യാത്രയയപ്പാണ് നല്‍കിയത്. ഗോപകുമാര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും വിടവാങ്ങുമ്പോള്‍ ഫയര്‍ റെസ്‌ക്യൂ വിഭാഗത്തിന് മികച്ചൊരു പരിശീലകനെയാണ് നഷ്ടമാവുന്നത്.  ഗോപകുമാറിന് അടൂര്‍ ഗവ.പോളിടെക്‌നിക്ക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലി ലഭിച്ചത്. നിലവില്‍ താല്‍കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍സ്‌റ്റേഷന് സ്വന്തമായി ആസ്ഥാനത്തിനാവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കിയതിനൊപ്പം ജില്ലയിലേക്ക് സര്‍ക്കാര്‍ അനുവദിച്ച രണ്ട് വാഹനങ്ങളില്‍ ഒന്ന് ചവറയിലെത്തിക്കാനും പ്രയത്‌നിച്ചിരുന്നു. സ്‌റ്റേഷന്‍ പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ കമ്യൂനിറ്റി റെസ്‌ക്യൂ വാളന്റിയര്‍ യൂനിറ്റുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കാന്‍ കഴിഞ്ഞു. 2005ല്‍ എറണാകുളത്ത് ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ച ഗോപകുമാര്‍ ചേര്‍ത്തല, കണ്ണൂര്‍, അടൂര്‍, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്‌റ്റേഷന്‍ ഓഫിസറായിരുന്നു. ഫയര്‍ സര്‍വ്വീസിന്റെ 26 ഓളം കമ്മിറ്റികളിലെ അംഗമായ ഗോപകുമാര്‍ നൂറ് കണക്കിന് ട്രെയിനികള്‍ക്കാണ് വിവിധ ജില്ലകളിലായി പരിശീലന ക്ലാസ് നല്‍കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വീട്ടമ്മമാര്‍ക്കായി ഗാര്‍ഹിക ദുരന്തനിവാരണ ക്ലാസുകള്‍ സ്ഥിരമായി നടത്തിവന്നിരുന്നു. ദുരന്തനിവാരണത്തില്‍ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നും മൂന്നോളം ഡിപ്ലോമകള്‍ കരസ്ഥമാക്കിയിരുന്നു. ചവറ ഫയര്‍ സ്‌റ്റേഷനില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനം തിരുവനന്തപുരം ഡിവിഷന്‍ ഓഫിസര്‍ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. എഎസ്ടിഒ പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.  ദുരന്തമുഖങ്ങളില്‍ നിന്നും അധ്യാപകന്റെ വേഷത്തിലേക്കുള്ള മാറ്റം യാദൃശ്ചികമല്ല ഏറെ ആഗ്രഹിച്ചിരുന്ന സേവനമേഖലയായിരുന്നെന്ന് മറുപടി പ്രസംഗത്തില്‍ ഗോപകുമാര്‍ പറഞ്ഞു. അസിസ്റ്റന്റ് ഡിവിഷന്‍ ഓഫിസ് അബ്ദുല്‍ റഷീദ്, കരുനാഗപ്പള്ളി ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ വിശി വിശ്വനാഥ്, നിസാറുദ്ദീന്‍, നിഷാദ്, ഷാജഹാന്‍, അന്‍വര്‍ സാദത്ത്, കൃഷ്ണകുമാര്‍, അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it