Kollam Local

ചവറയില്‍ തെരുവ് നായയുടെ ആക്രമണം: 12 പേര്‍ക്ക് പരിക്ക്

ചവറ: ചവറയിലും പരിസര ഭാഗങ്ങളിലും തെരുവ് നായയുടെ ആക്രമണത്തില്‍ 12ഓളം പേര്‍ക്ക് പരിക്കേറ്റു. ചവറ പുതുക്കാട് ശ്രീവത്സവത്തില്‍ അഭിലാഷ്-ശ്രീകല ദമ്പതികളുടെ മകന്‍ ആദിത്യ (13), മടപ്പള്ളി ചിന്തയില്‍ നിഥിന്‍ ബി കൃഷ്ണന്‍(26), ചെറുശേരി ഭാഗം അശ്വതി ഭവനത്തില്‍ ഉണ്ണി, ചവറ സ്വദേശികളായ കൊല്ലേഴത്ത് രാജമ്മ (63), മാനേഴത്ത് കിഴക്കതില്‍ ആന്റണി(52), ലക്ഷ്മി നിവാസില്‍ കുമാരിയമ്മ (50), തെക്കിനിയില്‍ വിജയകുമാരി ( 58), ചവറ മുക്കാട് താമരശ്ശേരില്‍ വില്‍സണ്‍(60), കുളങ്ങര ഭാഗം സ്വദേശികളായ വടക്കേവയലില്‍ രാമചന്ദ്രന്‍ (65), കിടങ്ങില്‍ ശ്രീഹരി (56), വിളയില്‍ ആനന്ദവല്ലിയമ്മ (70) ചെറുശേരി ഭാഗം പാപ്പനംമൂട് തോമസ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നീണ്ടകര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ചവറ പാലത്തിനും പരിസരഭാഗങ്ങളിലും വെച്ചാണ് ഭൂരിഭാഗം പേരെയും നായ അക്രമിച്ചത്.
ചവറയില്‍ പത്രമിടാന്‍ പോയ നിഥിന്‍ ബി കൃഷ്ണന്‍ പാലത്തിന് പടിഞ്ഞാറ് ഭാഗത്താണ് നായയുടെ അക്രമത്തിന് ഇരയായത്. ബൈക്കില്‍ നിന്നും പത്രക്കെട്ടുമായി സമീപത്തെ വെള്ളക്കെട്ടില്‍ വീണ യുവാവിന് വലതു കാലിലാണ് കടി കൊണ്ടത്.
ചെറുശേരി ഭാഗം അശ്വതി ഭവനത്തില്‍ ഉണ്ണിയ്ക്ക് വീട്ടിനു പുറത്ത് ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്.
ആദിത്യനെ കൃഷ്ണന്‍ നട അമ്പലത്തിലേക്ക് പോകും വഴിയാണ് നായ അക്രമിച്ചത്. സൈക്കിളില്‍ പോവുകയായിരുന്ന കുട്ടിയെ സൈക്കിളില്‍ നിന്നും വീഴ്ത്തിയാണ് ഇടത്തെ കാലില്‍ മൂന്നിടത്തായി കടിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസി ഓടിയെത്തിയതിനാലാണ് കുട്ടി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ആറിനും എട്ടിനും ഇടയിലാണ് വിവിധ ഭാഗങ്ങളില്‍ നായയുടെ ആക്രമണമുണ്ടായത്.
ചവറ പാലത്തിന്റെ വശങ്ങളിലും താഴെയുമായി തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്. കാടു വളര്‍ന്നു കിടക്കുന്നതും പാലത്തില്‍ നിന്നും അല്ലാതെയുമായി വലിച്ചെറിയുന്ന മാലിന്യങ്ങളുമാണ് നായകള്‍ ഇവിടെ പെരുകാന്‍ കാരണം. പാലത്തിന് താഴെ അറവുശാലയുടെ പ്രവര്‍ത്തനവും ഉണ്ട്. പഞ്ചായത്തധികൃതര്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it