Kollam Local

ചവറയില്‍ കശുവണ്ടി ഫാക്ടറികള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍: അടച്ച് പൂട്ടല്‍ കൂലി വര്‍ദ്ധനവ് അംഗീകരിച്ചതിന് ശേഷം

ചവറ: ചവറ നിയോജക മണ്ഡലത്തിലെ പന്ത്രണ്ടോളം വരുന്ന കശുവണ്ടി ഫാക്ടറികള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന കൂലി വര്‍ദ്ധനവ് അംഗീകരിക്കപ്പെടുന്നതിനു ശേഷമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായത്.

തേവലക്കരയിലെ ആറും ചവറ പന്‍മന എന്നിവിടങ്ങളിലെ രണ്ടും തെക്കുംഭാഗം ശക്തികുളങ്ങര മേഖലയിലെ ഒന്നും വീതം ഫാക്ടറികള്‍ കഴിഞ്ഞ ജനുവരി മുതല്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. തൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തില്‍ സമരങ്ങളും തൊഴില്‍ മന്ത്രിയുടെ വീട്ടിലേക്ക് ധര്‍ണ്ണകളും പ്രകടനങ്ങളും നടത്തിയെങ്കിലും ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടിയുണ്ടായില്ല. വിപണിയില്‍ തോട്ടണ്ടിയുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതും കൂലി വര്‍ദ്ധനവ് അപ്രതീക്ഷിത ചിലവുകള്‍ക്ക് വഴി ഒരുക്കുമെന്ന കാരണങ്ങളാണ് മുതലാളിമാര്‍ മറുപടിയായി നിരത്തുന്നത്. കൂലി വര്‍ദ്ധനവടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുപത് കോടി രൂപ കാഷ്യുകോര്‍പറേഷന്‍ അനുവദിച്ചുവെങ്കിലും അത് തൊഴിലാളികള്‍ക്ക് ലഭ്യമാക്കുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നില്ല. രണ്ടായിരത്തി പത്തു മുതല്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റിയും മുടങ്ങികിടക്കുകയാണ്.സര്‍ക്കാരുംകോര്‍പറേഷനും അംഗീകരിച്ച കൂലി വര്‍ദ്ധനവ് പ്രകാരം പ്രതിദിനം മുന്നൂറ് രൂപയോളമാണ് ഒരുതൊഴിലാളിക്ക് ലഭിക്കുക. തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചത് കൂലി വര്‍ദ്ധനവിനെ എതിര്‍ക്കുന്ന ഒരുകാരണമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തോട്ടണ്ടി ഇറക്കുമതി ചെയ്യുവാന്‍ ഒരു ഗവേണിങ് ബോഡി പ്രവര്‍ത്തിച്ചിരുന്നു. ആ ബോഡി മുതലാളിമാര്‍ക്ക് ആവശ്യമായ വകൃത്യമായി വീതിച്ചു നല്‍കിയിരുന്നു. എന്നാല്‍ ആ സ്ഥാനത്ത് ഇന്ന് ആ ബോഡി തന്നെ പിരിച്ചുവിടുകയും മുതലാളിമാരിലേക്ക് വ്യവസ്ഥകള്‍ പാലിക്കാതെ അധികാരം പൂര്‍ണ്ണമായും വിട്ടുനല്‍കിയിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവശ്യപ്പെടാതെ തന്നെ രണ്ട് പ്രാവശ്യംകൂലി വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. പരമ്പരാഗത വ്യവസായങ്ങളെഏറ്റെടുക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമെന്ന യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തെ അമര്‍ഷത്തോടെ നേരിടുകയാണ് മേഖലയിലെ 3500ഓളം വരുന്ന കശുവണ്ടി തൊഴിലാളികള്‍.
Next Story

RELATED STORIES

Share it