ചലച്ചിത്രമേള: പ്രണയത്തിന്റെ ഭ്രാന്തമായ ആവിഷ്‌കാരവുമായി ത്രീഡി ചിത്രം ലൗ

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: സര്‍ഗ വസന്തത്തിന്റെയും ദൃശ്യ വൈവിധ്യങ്ങളുടെയും കാഴ്ചകള്‍ സമ്മാനിച്ച് ചലച്ചിത്രോല്‍സവത്തിന്റെ അഞ്ചാംദിനവും സമ്പന്നമായി. വിഖ്യാത ഫ്രഞ്ച് സംവിധായകനായ ഗാസ്പര്‍ നോയുടെ ത്രീഡി ചിത്രമായ ലൗ ആണ് ഇന്നലെ ശ്രദ്ധേയമായത്. രാത്രി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ കാണുന്നതിലുപരിയായി ചിത്രത്തിലെ ചൂടന്‍രംഗങ്ങളാണ് കാഴ്ചക്കാരുടെ തള്ളിക്കയറ്റത്തിന് കാരണമായത്. തിരക്ക് നിയന്ത്രണാതീതമായതോടെ പ്രതിനിധികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ പാടുപെട്ടു. വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍ ജീവിച്ച രണ്ട് വ്യക്തികളുടെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
ഇലക്ട്ര എന്ന യുവതിയും മര്‍ഫി എന്ന യുവാവുമായുളള ഭ്രാന്തമായ പ്രണയമാണ് ഇതില്‍ ചിത്രീകരിക്കുന്നത്. മയക്കുമരുന്നിന്റെ സ്വാധീനത്താലുള്ള കമിതാക്കളുടെ ഭ്രാന്തമായ സ്വകാര്യ രംഗങ്ങള്‍ തന്മയത്വത്തോടെ ചിത്രീകരിക്കുന്നതോടൊപ്പം ഇലക്ട്രയും മര്‍ഫിയും തമ്മിലുളള ആത്മബന്ധത്തിന്റെ നൂലിഴകളെയും സിനിമ കാഴ്ചക്കാരിലേക്കെത്തിക്കുന്നു. പ്രണയരംഗങ്ങള്‍ ആദ്യമായി ത്രീഡി കാഴ്ചയില്‍ പ്രേക്ഷകരിലേക്കെത്തുന്നതും പ്രദര്‍ശനത്തിന് തിരക്കേറാന്‍ കാരണമായി. കാന്‍, ടൊറാന്റോ, മെല്‍ബണ്‍, ഗോവ ചലച്ചിത്രമേളകളിലും ശ്രദ്ധേയമായ ചിത്രമായിരുന്നു ലൗ. ലോകസിനിമാ, മല്‍സര വിഭാഗങ്ങളില്‍ ഇന്നലെ എല്ലാ ചിത്രങ്ങളും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടന്നത്.
മല്‍സരവിഭാഗത്തില്‍ വീണ്ടും പ്രദര്‍ശിപ്പിച്ച ഇമ്മോര്‍ട്ടല്‍, ബോപെം, ദി ബ്ലാക്ക് ഹെന്‍, ജലാല്‍സ് സ്റ്റോറി എന്നിവയ്ക്ക് ഇന്നലെയും തിരക്കനുഭവപ്പെട്ടു. വാര്‍ധക്യത്തിന്റെ അവശതകളും ബന്ധുക്കളുടെ വൈകാരിക പ്രതിസന്ധിയും ചിത്രീകരിച്ച ഇറാനിയന്‍ ചിത്രം ഇമ്മോര്‍ട്ടല്‍ ഇന്നലെയും തിങ്ങിനിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. വാര്‍ധക്യം മാനസികാവസ്ഥകളെ ഏതൊക്കെ തലത്തില്‍ സ്വീധീനിക്കുന്നു എന്നതു കൂടിയാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. അതേസമയം, ചലച്ചിത്രമേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ഏതാനും ചിത്രങ്ങളൊഴിച്ചാല്‍ ശരാശരി നിലവാരമുള്ള ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നതും ഇക്കൊല്ലത്തെ മേളയുടെ പോരായ്മയാണ്.
എന്നാല്‍, കാര്യമായ പരാതികളില്ലാതെ മേള നടത്താന്‍ സാധിച്ചത് സംഘാടകരായ ചലച്ചിത്ര അക്കാദമിക്ക് നേട്ടമായി. കഴിഞ്ഞ വര്‍ഷം വ്യാപകമായി ഉയര്‍ന്ന റിസര്‍വേഷനെക്കുറിച്ചും സീറ്റ് ലഭിക്കാത്തതുമുള്‍പ്പെടെയുള്ള പരാതികള്‍ ഇപ്രാവശ്യമുണ്ടായില്ല.
Next Story

RELATED STORIES

Share it