ചലച്ചിത്രമേള: ദാരിദ്യത്തിന്റെ തീക്ഷ്ണമുഖങ്ങള്‍ അവതരിപ്പിച്ച് ഡേ ബ്രേക്ക്്‌

സുദീപ്   തെക്കേപ്പാട്ട്

കോഴിക്കോട്: ലോകം എത്രമേല്‍ പുരോഗമിച്ചാലും ദാരിദ്ര്യം ഒരു തീരാശാപമായി പിന്‍തുടരുമെന്ന് ഉറക്കെ ഉദ്‌ഘോഷിക്കുന്ന സിനിമകള്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്ക്കു മാറ്റുകൂട്ടുന്നു. ലോകസിനിമാ വിഭാഗത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച അല്‍ബേനിയന്‍ ചിത്രം 'ഡേ ബ്രേക്ക്' ആണ് ആശയസമ്പന്നത കൊണ്ടും ആവിഷ്‌കാര വിഭിന്നത കൊണ്ടും ശ്രദ്ധേയമായത്.
കടുത്ത അസുഖം പിടിപെട്ട് അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ലെറ്റ എന്ന യുവതി തന്റെ കൈക്കുഞ്ഞുമൊത്തു വാടകവീട്ടിലാണു താമസം. വാടകക്കുടിശ്ശിക തീര്‍ക്കാനാവാതെ പുറത്താക്കപ്പെടുകയാണു ലെറ്റ.   കിടപ്പിലായി, ദീര്‍ഘനാള്‍ ചികില്‍സയില്‍ കഴിയുന്ന സോഫി എന്ന വൃദ്ധയെ പരിചരിക്കുന്ന തൊഴിലിലേര്‍പ്പെട്ടിരുന്ന ലെറ്റ, കുഞ്ഞിനൊപ്പം അവരുടെ ഫഌറ്റിലേക്ക് ചേക്കേറുന്നു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ദൂരദിക്കില്‍ മാറിത്താമസിക്കുകയാണു സോഫിയുടെ ഏകമകള്‍. ഇവര്‍ അപകടത്തില്‍ മരണപ്പെടുന്നതോടെ ലെറ്റയ്ക്കുള്ള വരുമാനം നഷ്ടപ്പെടുന്നു. വൃദ്ധയായ സോഫിക്കുള്ള പെന്‍ഷന്‍ മാത്രമായി പിന്നീടുള്ള ആശ്രയം. പോസ്റ്റ്മാനൊപ്പം കിടപ്പറ പങ്കിട്ട്, വഴിമധ്യേ മണിയോര്‍ഡര്‍ പെന്‍ഷന്‍ ഒപ്പിട്ടു വാങ്ങുന്ന ലെറ്റയെ തേടി ഒരിക്കല്‍ പോലിസ് എത്തുന്നതോടെ സിനിമ ഒരു വലിയ വഴിത്തിരിവിലേക്കു പ്രവേശിക്കുന്നു. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്ന സോഫിയുടെ മൃതദേഹം ഫഌറ്റിനകത്തെ മൂലയില്‍ നിക്ഷേപിച്ച് ചുറ്റിലും മതിലുകെട്ടിയടച്ച് മരണം മൂടിവച്ചത് ലെറ്റയാണെന്ന് അനുമാനിക്കാന്‍ 'ഡേ ബ്രേക്ക്' കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനും സാധിച്ചെന്നുവരില്ല.
വികസനങ്ങളെ അനുദിനം നെഞ്ചേറ്റു വാങ്ങുന്ന തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയുടെ ഒരു കാലത്തെ യാഥാര്‍ഥ പരിഛേദമാണിത്. ലോകജനതയെ ഗ്രസിച്ച, കൊടിയ പട്ടിണിയും ദാരിദ്ര്യവും കൊലയ്ക്കും കൊള്ളിവയ്പിനും കാരണമാവുന്നുവെന്നും ഭരണകൂടങ്ങള്‍ പോലും അതിനു മുന്നില്‍ പരാജയപ്പെടുന്നുവെന്നുമുള്ള പരമാര്‍ഥം പ്രമേയമാക്കിയ 'ഡേ ബ്രേക്കി'ന്റെ നിര്‍മാണവും സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതു ഗെന്റ്റിയാന്‍ കൊസി ആണ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 90ാമത് അക്കാദമി അവാര്‍ഡ് ഗെന്റ്റിയാന്‍ കൊസിക്ക് നേടിക്കൊടുത്ത കന്നിച്ചിത്രം കൂടിയാണിത്.
ലോക സിനിമകള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കാനുതകുന്ന മലയാള ചിത്രങ്ങള്‍ മേളയിലുണ്ടാവുന്നില്ലെന്ന പ്രേക്ഷകപരിഭവം നിലനില്‍ക്കെ 'മലയാളസിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ രണ്ടു ചിത്രങ്ങള്‍ കൂടി പ്രദര്‍ശിപ്പിച്ചു. സഹോദരങ്ങളായ സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത 'മറവി', സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' ചിത്രങ്ങള്‍ സാങ്കേതികമായി മികവു പുലര്‍ത്തി.
ഒരേ സമയം മറവി ശാപവും അനുഗ്രഹവും ആകുന്നിടത്ത് ഒരു പോലിസുകാരന് സംഭവിച്ചു പോകുന്ന കൈപ്പിഴയും അതിന്റെ അവസ്ഥാന്തരങ്ങളും 'മറവി' വിഷയമാക്കുന്നു. കഥയ്ക്കുള്ളില്‍ നിന്ന് കഥ വിരിയുന്ന പ്രതിപാദ്യശൈലിയുമായി ഏദനും കാഴ്ചയ്ക്ക് മാറ്റേകി. ബ്രസീലിയന്‍ ചിത്രമായ 'സൗത്ത് വെസ്റ്റ്' ഉള്‍പ്പെടെ എട്ടു ചിത്രങ്ങള്‍ ഇന്നലെ തിരശ്ശീലയിലെത്തി. കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള 15നു സമാപിക്കും.
Next Story

RELATED STORIES

Share it