ചലച്ചിത്രമേളയ്ക്ക്  ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: സര്‍ഗവിസ്മയത്തിന്റെയും ദൃശ്യവൈവിധ്യങ്ങളുടെയും ഉല്‍സവമൊരുക്കിയ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. ഒരുപിടി നല്ല ചിത്രങ്ങള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചാണ് ഇപ്രാവശ്യത്തെ മേള സമാപിക്കുന്നത്. മല്‍സര വിഭാഗത്തിലും ലോക സിനിമാവിഭാഗത്തിലും പ്രദര്‍ശിപ്പിച്ച ഒട്ടുമിക്ക ചിത്രങ്ങളും ശരാശരി നിലവാരം പുലര്‍ത്തുന്നതായിരുന്നു. കാര്യമായ പരാതികളില്ലാതെ മേള പൂര്‍ത്തിയാക്കാനായതും ചലച്ചിത്ര അക്കാദമിക്ക് നേട്ടമായി.
മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ഇറാന്‍ ചിത്രമായ ഇമ്മോര്‍ട്ടല്‍, കസാഖിസ്താനില്‍ നിന്നുള്ള ബോപെം, സ്പാനിഷ് ചിത്രം പ്രൊജക്റ്റ് ഓഫ് ദി സെഞ്ച്വറി, ഹിന്ദി ചിത്രമായ ദി വയലിന്‍ പ്ലേയര്‍ എന്നിവയാണ് പ്രേക്ഷകപ്രശംസ നേടിയത്. മേളയുടെ ഔദ്യോഗിക സമാപനം ഇന്ന് വൈകീട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള സുവര്‍ണചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും പ്രേക്ഷകരുടെ സിനിമയ്ക്കും നല്‍കുന്ന രജതചകോരങ്ങള്‍ എന്നിവ ചടങ്ങില്‍ പ്രഖ്യാപിക്കും. ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയിക്ക് സമ്മാനിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് മുഖ്യാതിഥി.
Next Story

RELATED STORIES

Share it