ചലച്ചിത്രമേളയില്‍ ടോണി ഗാറ്റ്‌ലിഫിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ടോണി ഗാറ്റ്‌ലിഫിന്റെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഗാഡ്‌ജോ ദിലോ, ചില്‍ഡ്രന്‍ ഓഫ് ദി സ്‌റ്റോര്‍ക്ക്, സ്വിങ്, എക്‌സൈല്‍, ട്രാന്‍സില്‍വാനിയ എന്നീ ചിത്രങ്ങളാണ് കണ്ടംപററി മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ലോകം അപരിഷ്‌കൃതരെന്നും ബഹിഷ്‌കൃതരെന്നും കരുതുന്നവരെക്കുറിച്ചാണ് ടോണി ഗാറ്റ്‌ലിഫിന്റെ ചിത്രങ്ങളിലധികവും. പേര്‍ഷ്യയിലെ ചേരികളിലെ ന്യൂനപക്ഷവും ജിപ്‌സികളെ വിളിപ്പേരിലറിയപ്പെടുന്ന കുടിയേറ്റക്കാരും നാടുകടത്തപ്പെട്ടവരുമായ റൊമേനികളും ഗാറ്റ്‌ലിഫ് ചിത്രങ്ങളില്‍ കഥാപാത്രങ്ങളാകുന്നു. ജിപ്‌സികളുടെ നാടോടി ജീവിതവും സംസ്‌കാരവും പരീക്ഷണങ്ങളും റൊമേനിയന്‍ വേരുകളുള്ള ഫ്രഞ്ച് സംവിധായകന്റെ പ്രിയപ്പെട്ട പശ്ചാത്തലങ്ങളാണ്.
രാജസ്ഥാനില്‍ നിന്ന് റൊമേനിയ, ഹംഗറി, മെഡിറ്ററേനിയന്‍ തീരങ്ങളിലേക്കുള്ള ജിപ്‌സി സംഗീതത്തിന്റെ യാത്രയെക്കുറിച്ച് സംഗീതജ്ഞന്‍ കൂടിയായ ഗാറ്റ്‌ലിഫ് 1992 ല്‍ തയ്യാറാക്കിയ ഡോക്യുമെന്ററി 'ലാച്ചോ ഡ്രോമി'ന്റെ ചുവടുപിടിച്ചാണ് 1997ല്‍ ഗാഡ്‌ജോ ദിലോ എന്ന ചിത്രം നിര്‍മിച്ചത്. സംഗീതമന്വേഷിച്ച് നാടോടിക്കൂട്ടത്തിനിടയിലേക്ക് കടുചെല്ലുന്ന അപരിചിതനിലൂടെ ഗാഡ്‌ജോ ദിലോയുടെ കഥ ചുരുളഴിയുന്നു. ഗാറ്റ്‌ലിഫിന്റെ അടുത്ത മുഴുനീള കഥാചിത്രമായ ചില്‍ഡ്രന് ഓഫ് സ്‌റ്റോര്‍ക്ക് കുടിയേറ്റക്കാരുടേയും ന്യൂനപക്ഷങ്ങളുടേയും സംഘര്‍ഷങ്ങള്‍ ചര്‍ച്ചചെയ്യുന്ന റോഡ് മൂവിയാണ്.
പശ്ചിമ യൂറോപ്പിലെ ജിപ്‌സികളുടെ ജീവിതവും ജാസ് സംഗീത പാരമ്പര്യവുമാണ് 2001 ല്‍ നിര്‍മ്മിച്ച സ്വിങ്ങ് എന്ന ചിത്രത്തിന്റെ പ്രമേയം. നാടോടിക്കൂട്ടത്തിലെയും നഗരത്തിലെയും രണ്ട് കുട്ടികള്‍ക്കിടയിലെ സൗഹൃദത്തിലൂടെ ചിത്രത്തിന്റെ കഥ ഇതള്‍വിരിയുന്നു. മറ്റു ഗാറ്റ്‌ലിഫ് ചിത്രങ്ങളിലേതുപോലെ മനോഹരമായ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് സ്വിങ്ങും തയ്യാറാക്കിയിരിക്കുന്നത്. പ്രണയത്തിലേക്കുള്ള സ്വകാര്യമായ യാത്രയാണ് 2006 ല്‍ പുറത്തിറങ്ങിയ ട്രാന്‍സില്‍വാനിയ പശ്ചാത്തലമാക്കുന്നത്.
കാമുകനെ അന്വേഷിച്ച് റൊമാനിയയിലൂടെ സഞ്ചരിക്കുന്ന സ്ത്രീയുടെ അസ്ഥിത്വവ്യഥകളും വിമോചനവും ചിത്രം പ്രമേയമാക്കുന്നു. ജനക്കൂട്ടത്തിനിടെയിലെ വ്യക്തികളിലേക്കും ലോകത്തിനുള്ളിലെ മറ്റൊരു ലോകത്തിലേക്കുമാണ് ഗാറ്റ്‌ലിഫ് ക്യാമറ ചലിപ്പിക്കുന്നത്. ശക്തമായ വൈകാരികതകളിലൂടെ അരികുകളിലും മൂലകളിലുമുള്ള ജീവിത്തിന്റെ രുചി അനുഭവിപ്പിക്കുന്നവയാണ് ഓരോ ഗാറ്റ്‌ലിഫ് ചിത്രവും.
Next Story

RELATED STORIES

Share it