malappuram local

ചലച്ചിത്രമേളകള്‍ പുതിയ ഭാവുകത്വം സൃഷ്ടിക്കണം: ശ്യാമപ്രസാദ്

തിരൂര്‍: ചലച്ചിത്രമേളകള്‍ സമൂഹത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിക്കണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍'ദര്‍ശിനി'അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍കൂടി ഉള്‍ക്കൊള്ളുന്ന ചലച്ചിത്ര വ്യവസായ മേഖലയില്‍ വൈരുധ്യങ്ങള്‍ അനവധിയാണ്. ചലച്ചിത്രമേളകളില്‍ തിക്കിത്തിരക്കുന്ന പ്രേക്ഷകര്‍ നല്ല സിനിമകള്‍ കാണാന്‍ തിയേറ്ററുകളിലെത്തുന്നില്ല എന്നത് അസ്വസ്ഥജനകമായ വൈരുധ്യമാണ്. ഫെസ്റ്റിവലില്‍ ഉരുത്തിരിയുന്ന ഭാവുകത്വം പിന്നീട് സമൂഹത്തില്‍ എവിടെയാണ് നഷ്ടപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല. ചലച്ചിത്രങ്ങളാണ് സമൂഹത്തിന്റെ സാംസ്‌കാരികമായ ഉയരങ്ങളെ അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
സാഹിത്യവിഭാഗം മേധാവി ഡോ. ടി അനിതകുമാരി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രഫ. മധു ഇറവങ്കര, ഡോ. എന്‍ വി മുഹമ്മദ് റാഫി സംസാരിച്ചു. മേളയുടെ ഭാഗമായി ചലച്ചിത്രരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ പുരസ്‌കാരം നടനും സംവിധായകനും നിര്‍മാതാവുമായ മധുവിന് നല്‍കും. 30ന് മേളയുടെ സമാപനചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ പുരസ്‌കാരം സമര്‍പ്പിക്കും.
1962ല്‍ 'മൂടുപട'മെന്ന ചിത്രത്തിലൂടെ ചലച്ചിത്രത്തിലെത്തിയ മധുവിന്റെ സമഗ്രസംഭാവനകളും ചെമ്മീന്‍, സ്വയംവരം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.
Next Story

RELATED STORIES

Share it