wayanad local

ചര്‍ച്ച പ്രഹസനം; ആദിവാസി ഫോറം സമരം ശക്തമാക്കുന്നു

മാനന്തവാടി: ബിവറേജസ് ഔട്ട്‌ലറ്റിന് മുന്നില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. ഇതിനിടെ, ഇന്നലെ മാനന്തവാടി ഡിവൈഎസ്പി സമരക്കാരെയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ച പ്രഹസനമായി.
സമരം സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്നതൊഴിച്ചാല്‍ ബിവറേജസ് പരിസരത്തെ തിരക്കുകള്‍ കുറയ്ക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
ഔട്ട്‌ലെറ്റില്‍ വര്‍ധിച്ചുവരുന്ന തിരക്കൊഴിവാക്കാന്‍ രണ്ടു കൗണ്ടറുകള്‍ തുറക്കണമെന്ന നിര്‍ദേശം ഡിവൈഎസ്പി മുന്നോട്ടുവച്ചെങ്കിലും ആവശ്യത്തിനു ജീവനക്കാരില്ലെന്ന നിലപാടായിരുന്നു ബിവറേജസ് ഔട്ട്‌ലെറ്റ് അധികൃതരുടേത്. നൂറു മീറ്റര്‍ പരിസരത്ത് പാര്‍ക്കിങ് നിരോധിക്കാനും ഒരു പോലിസുകാരനെ മുഴുവന്‍ സമയവും ഡ്യൂട്ടിയില്‍ നിയോഗിക്കാനും തീരുമാനിച്ചു.
ഡിവൈഎസ്പി ഹസൈനാര്‍ക്ക് പുറമെ എസ്‌ഐ വിനോദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പൈലി, കൗണ്‍സിലര്‍ പടയന്‍ റഷീദ്, ഇ ജെ ബാബു, അപ്പച്ചന്‍ കുറ്റിയോട്ടില്‍, മുസ്തഫ, കണ്ണന്‍ കണിയാരം, ആദിവാസി ഫോറം പ്രതിനിധികളായ മാത്ത, പ്രസീത, ബിവറേജസ് പ്രതിനിധികളായ പ്രഭാകരന്‍, ഗിരീശന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍, മദ്യശാല അടയ്ക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോവാനാണ് ആദിവാസികളുടെ തീരുമാനം. പത്തോളം ആദിവാസി വീട്ടമ്മമാര്‍ നടത്തുന്ന സമരം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ നിലപാടില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it