ചര്‍ച്ച പരാജയം; നഴ്‌സുമാര്‍ നാളെ മുതല്‍ അവധിയെടുക്കും

തിരുവനന്തപുരം: മാനേജ്‌മെന്റുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ നാളെ മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന പ്രഖ്യാപനത്തിലുറച്ച് നഴ്‌സുമാര്‍. സമരം സ്വകാര്യ ആശുപത്രികളെ ഗുരുതരമായി ബാധിക്കും. മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ച മുടങ്ങിയിരുന്നു.
അതേസമയം, അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന നഴ്‌സുമാരുടെ പ്രഖ്യാപനം അനാവശ്യമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ തീര്‍ക്കണം. നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. അതിനിടയ്ക്ക് നഴ്‌സുമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും മന്ത്രി പറഞ്ഞു.
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പളപരിഷ്‌കരണം അടിയന്തരമായി നടപ്പാക്കുക, അടിസ്ഥാന ശമ്പളം 20,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്.  457 ആശുപത്രികളിലായി 62,000 നഴ്‌സുമാര്‍ കൂട്ട അവധിയെടുക്കുമെന്നാണ് യുഎന്‍എ പ്രതിനിധികള്‍ അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it