kasaragod local

ചര്‍ച്ച പരാജയം; ആലൂരില്‍ വീണ്ടും താല്‍ക്കാലിക തടയണ; കര്‍മസമിതി പ്രക്ഷോഭത്തിലേക്ക്

ബോവിക്കാനം: കേരള വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിങ് സ്റ്റേഷന് വേണ്ടി ആലൂര്‍ മുനമ്പില്‍ ഇപ്രാശ്യവും താല്‍ക്കാലിക തടയണ. 12 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. വേനല്‍ രൂക്ഷമാകുകയും കുടിവെള്ള ക്ഷാമം വിവിധ പ്രദേശങ്ങളില്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തടയണ നിര്‍മാണം പ്രഹസനമാകുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പയസ്വിനി പുഴയില്‍ ഉപ്പുവെള്ളം കയറി വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തില്‍ ഉപ്പ് കലരാന്‍ സാധ്യതയുള്ളതിനാല്‍ കാസര്‍കോട് നഗരസഭയിലേയും സമീപ പഞ്ചായത്തിലേയും ജനങ്ങള്‍ക്ക് ഇപ്രാവശ്യവും ഉപ്പുവെള്ളം കുടിക്കേണ്ടിവരും.
വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി ആലൂര്‍ മുനമ്പില്‍ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് ടെന്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളില്‍ കരാര്‍ ഏറ്റെടുത്തവര്‍ ഫണ്ട് വാങ്ങി പകുതി ജോലി ചെയ്ത് നിര്‍മാണം ഉപേക്ഷിക്കുകയാണ്. ജനുവരി 27ന് തിരുവനന്തപുരത്ത് ജലവിഭവമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതി യഥാസമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ മാസം ആദ്യവാരത്തില്‍ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
കാസര്‍കോട്, ഉദുമ എംഎല്‍എമാരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായിരുന്നു ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ച നടന്ന ഒരുമാസം പിന്നിട്ടുവെങ്കിലും ഇതുസംബന്ധിച്ച് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടും പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍ കമ്മിറ്റി.
Next Story

RELATED STORIES

Share it