ചര്‍ച്ച തുടരണമെങ്കില്‍ പാകിസ്താന്‍ നടപടിയെടുക്കണം: കേന്ദ്രം

കഡപ്പ: ഇന്ത്യയുമായുള്ള ചര്‍ച്ച തുടരണമെന്ന് പാകിസ്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ പാകിസ്താനികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി ഡി വി സദാനന്ദ ഗൗഡ. സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപഭൂഖണ്ഡത്തില്‍ സമാധാനം നില നിര്‍ത്താന്‍ വേണ്ടി പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ സുരക്ഷാ വിഭാഗവും ജാഗ്രതയോടെ പ്രവര്‍ത്തിച്ചതു കൊണ്ടാണ് സംഭവം കൂടുതല്‍ വഷളാകാതിരുന്നതെന്നും അല്ലെങ്കില്‍ 2008ല്‍ നടന്ന മുംബൈ ആക്രമണത്തെ പോലെ പ്രശ്‌നം ഗുരുതരമാവുമായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അയല്‍ രാജ്യങ്ങളുമായി സൗഹാര്‍ദം നിലനിര്‍ത്തുന്നതോടൊപ്പം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം പത്താന്‍കോട്ട് ആക്രമണം ഇന്ത്യാ-പാക് സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കരുതെന്ന് ജര്‍മനി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ പാക് സന്ദര്‍ശനത്തെയും പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി ഫോണില്‍ ബന്ധപ്പെട്ടതിനെയും യോജിച്ചു മുന്നോട്ടു നീങ്ങാനുളള ഇരു രാജ്യങ്ങളുടെയും സന്നദ്ധതയാണ് സൂചിപ്പിക്കുന്നത്. ഏഴ് സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ആസ്‌ത്രേലിയ, ഇന്തോനീസ്യ, തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
Next Story

RELATED STORIES

Share it