ചര്‍ച്ചയില്‍ ധാരണയായി: ചെന്നിത്തല പ്രതിപക്ഷനേതാവാകും; തീരുമാനം നാളത്തെ യോഗത്തില്‍ 

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിട. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കും. ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മില്‍ ഇന്നലെ ഇന്ദിരാഭവനില്‍ രാവിലെ നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ചു ധാരണയായി.
ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നാളെ രാവിലെ 11ന് ഇന്ദിരാഭവനില്‍ ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററിപാര്‍ട്ടി യോഗം രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായും കക്ഷിനേതാവായും തിരഞ്ഞെടുക്കും. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബറിയ പങ്കെടുക്കും. ഉമ്മന്‍ചാണ്ടി തന്നെ ചെന്നിത്തലയുടെ പേര് നിര്‍ദേശിക്കും.
തുടര്‍ന്ന് ഐകകണ്‌ഠ്യേന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണു ധാരണ. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിലും തര്‍ക്കമുണ്ടാവരുതെന്ന താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണു നേതാക്കള്‍ ചര്‍ച്ചനടത്തിയത്.
യുഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയിലും ചെന്നിത്തലയെ നേതാവാക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. വി ഡി സതീശന്‍, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നെങ്കിലും ചെന്നിത്തലയുടെ പേരിനാണു സ്വീകാര്യത കൂടുതല്‍ ലഭിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും മുന്‍ മന്ത്രിയുമായ കെ സി ജോസഫ് പ്രതിപക്ഷ ഉപനേതാവായേക്കും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിക്ക് സ്ഥിരം ഭാരവാഹികളെ നിശ്ചയിക്കാനും തീരുമാനമായി.
അതേസമയം, യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ചാണ്ടി തുടരും. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള തന്റെ നിലപാട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. നാളെ കോണ്‍ഗ്രസ് പാര്‍ലമെന്ററിപാര്‍ട്ടി യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ആയിരുന്ന ആളല്ലേ പ്രതിപക്ഷനേതാവ് ആവേണ്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ പ്രതിപക്ഷനേതാവായിട്ട് ജയിച്ചുവന്നയാളല്ലേ മുഖ്യമന്ത്രി ആവേണ്ടതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍, നിലവില്‍ പ്രതിപക്ഷനേതാവിനെ മാത്രമാണു നിശ്ചയിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നുമാണ് ഹൈക്കമാന്‍ഡ് നിലപാട്.
Next Story

RELATED STORIES

Share it