Flash News

ചരിത്ര സാക്ഷ്യങ്ങളുമായി സ്‌കൂളുകളില്‍ സാമൂഹിക ശാസ്ത്ര മ്യൂസിയങ്ങള്‍ വരുന്നു



ടി പി ജലാല്‍

മഞ്ചേരി: സംസ്ഥാനത്തെ എയ്ഡഡ്, സര്‍ക്കാര്‍  യുപി സ്‌കൂളുകളില്‍ സാമൂഹിക ശാസ്ത്ര മ്യൂസിയങ്ങള്‍  സ്ഥാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. അതത് സ്‌കുളുകള്‍ക്കായിരിക്കും ഉത്തരവാദിത്തം. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കും. കുട്ടികളില്‍ പുരാവസ്തുക്കളും ശേഷിപ്പുകളും സംരക്ഷിക്കാനുള്ള ബോധ്യം, അന്വേഷണ മനോഭാവം, ചരിത്ര മനോഭാവം, സാമൂഹിക പ്രതിബദ്ധത എന്നിവ വളര്‍ത്തുക തുടങ്ങിയവയാണ്  മ്യൂസിയം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ചാം ക്ലാസിലെ ചരിത്രത്തിലേക്ക് എന്ന പാഠഭാഗത്തിലെ സ്‌കൂളിന്റെ ചരിത്രം തയ്യാറാക്കാനുള്ള നിര്‍ദേശമാണ്  അധികൃതരെ ഇത്തരം ഒരു പുതിയ ചിന്തയിലെത്തിച്ചത്. ഇത്തരം പാഠഭാഗങ്ങളില്‍ വിദ്യാര്‍ഥികളില്‍ വ്യക്തത വരണമെങ്കില്‍ ചരിത്രങ്ങളിലെ നേര്‍ സാക്ഷ്യങ്ങള്‍ വേണമെന്നും   സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ(കോര്‍-എസ്ആര്‍ജി) ആവശ്യം ഉയര്‍ന്നു. ഈ ആവശ്യം  അധ്യാപകര്‍ ആര്‍പി (റിസോഴ്‌സ് പേഴ്‌സണ്‍)മാര്‍ വഴിയും ഡിആര്‍ജി (ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ്)വഴിയുമാണ് കൈമാറിയത്. ഇതിന് പുറമെ മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റികളുടെ നിര്‍ദേശവും വന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് സാമൂഹിക ശാസ്ത്ര മ്യൂസിയം എന്ന ആശയത്തിലെത്തിയത്. പുരാതനകാലത്തെ അളവ്, തൂക്ക സാമഗ്രികളും കറന്‍സികളും നാണയങ്ങളും മറ്റും അതത് സ്‌കുളുകള്‍ കണ്ടെത്തണം. സാമഗ്രികള്‍ ലഭിക്കാന്‍ പ്രയാസമുള്ളതാണെങ്കില്‍ അതിന്റെ ചിത്രങ്ങളെങ്കിലും സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് ക്രമപ്പെടുത്തിയ ചരിത്ര ശേഷിപ്പുകളും മറ്റും കംപ്യൂട്ടറുകളുടെ സഹായത്താല്‍ വ്യക്തമാക്കിക്കൊടുക്കണം.   ഇതിന്റെയെല്ലാം വ്യക്തമായ ഒരു ചിത്രം അധ്യാപകര്‍ക്കുമുണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്. അല്ലാത്തപക്ഷം വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് പൂര്‍ണതയാവില്ല. എല്ലാം കണ്‍മുന്നില്‍ കാണുമ്പോള്‍ ചരിത്രത്തിനെ വഴി തിരിച്ചു വിടാനാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നു. മ്യൂസിയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇത്തരം സാമഗ്രികള്‍ തരം തിരിച്ചും പരിചയപ്പെടുത്തിയുമുള്ള പരിശീലനം സംസ്ഥാനത്തെ 85 ശതമാനത്തോളം സാമൂഹ്യശാസ്്ത്ര അധ്യാപകര്‍ക്കും നല്‍കിയിട്ടുണ്ട്്. ഏപ്രില്‍ 18ന് വിവിധ ബിആര്‍സികളില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ആരംഭിച്ച ക്ലാസ് മെയ് 12ഓടെ സമാപിച്ചു.  ഇനിയും പങ്കെടുക്കാത്തവര്‍ക്ക് ഈ മാസത്തിനുള്ളില്‍ ക്ലാസ്് സംഘടിപ്പിക്കും.  സ്‌കൂളുകളുടെ ചരിത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പാദമുദ്ര എന്ന പേരില്‍ പരിശീലനം നേരത്തേ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് അധ്യാപകരുടെ ആശയങ്ങള്‍ വര്‍ധിച്ചത്.   ഈ അധ്യയന വര്‍ഷം മുതല്‍ യുപി അധ്യാപകര്‍ക്ക് ചരിത്രത്തിന്റെ നേര്‍ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും ക്ലാസെടുക്കേണ്ടി വരിക.
Next Story

RELATED STORIES

Share it