Flash News

ചരിത്ര കൂടിക്കാഴ്ചയ്ക്കായി കിമ്മും ട്രംപും സിങ്കപ്പൂരില്‍

സിംഗപ്പൂര്‍ സിറ്റി: യുഎസ് ഉത്തരകൊറിയ ഉച്ചകോടിക്കായി ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. ചൊവ്വാഴ്ചയാണ്  ഉച്ചകോടി. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ട്രംപിനും കിം ജോങ് ഉന്നിനും ഊഷ്മളവരവേല്‍പ്  നല്‍കി.   ചൈനീസ് എയര്‍വെയ്‌സിലാണ് കിം സിംഗപ്പൂരിലെത്തിയത്.  കനത്ത സുരക്ഷയിലായിരുന്നു ഇരു നേതാക്കളും വന്നിറങ്ങിയത്.
ആദ്യമായാണ് ഒരു ഉത്തരകൊറിയന്‍ ഭരണാധികാരിയും യുഎസ് പ്രസിഡന്റും നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. കിം ജോങ് ഉന്നാണ്  ആദ്യം സിങ്കപ്പൂരിലെത്തിയത്. കഴിഞ്ഞ 18 മാസമായി പലതവണ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുകയും ലോകത്തെ മറ്റൊരു ആണവ യുദ്ധത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്ത രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. ആണവപ രീക്ഷണങ്ങളുടെ പേരില്‍ നിരവധി തവണ കിമ്മും ട്രംപുമായി ഏറ്റുമുട്ടിയിരുന്നു. യുഎസിന്റെ ശാസനകളെ വെല്ലുവിളിച്ചായിരുന്നു ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.
കിമ്മിനെ ലിറ്റില്‍ റോക്കറ്റ് മാന്‍ എന്ന് ട്രംപ് ആക്ഷോപിച്ചപ്പോള്‍ ട്രംപിനെ  മന്ദബുദ്ധിയെന്നു വിളിച്ചാണ് കിം പരിഹസിച്ചത്. 2017ല്‍ സപ്തംബറില്‍  നടത്തിയ  ആണവ പരീക്ഷണം വിജയിച്ചതായും ഉത്തര കൊറിയ ആണവ രാജ്യമായതായും കിം പ്രഖ്യാപിച്ചു. കൂടാതെ യുഎസിനെ തകര്‍ക്കാന്‍ കഴിയുന്ന മിസൈല്‍ വികസിപ്പിച്ചതായി അറിയിക്കുകയും ചെയ്തു. തുടര്‍ന്നു യുഎസിന്റെ സമ്മര്‍ദത്താല്‍ യുഎന്‍ ഉത്തര കൊറിയക്കെതിരേ ഉപരോധങ്ങള്‍ കൊണ്ടുവന്നു.
ദക്ഷിണ കൊറിയയില്‍ നടന്ന ശൈത്യകാല ഒളിംപിക്‌സില്‍ തങ്ങളുടെ രാജ്യത്തിനും പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന കിമ്മിന്റെ പ്രസ്താവന ലോകത്തെ ഞെട്ടിച്ചു. പിന്നീട് ഇരുകൊറിയകളും ഒരു കൊടിക്കു കീഴില്‍ പങ്കെടുത്തതും കൗതുകമായി. ഒളിംപിക്‌സിനെ തുടര്‍ന്ന് ഇരുകൊറിയകളും തമ്മില്‍ വീണ്ടും സൗഹൃദത്തിലായി. ദക്ഷിണകൊറിയ വഴി ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തര കൊറിയ ട്രംപിനെയും ലോകത്തെയും വീണ്ടും ഞെട്ടിച്ചു.2011ല്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയായ ശേഷം കിം സന്ദര്‍ശിക്കുന്ന മൂന്നാമത്തെ രാജ്യമാണ് സിംഗപ്പൂര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയില്‍ ് പ്രസിഡന്റിനെ കിം സന്ദര്‍ശിച്ചിരുന്നു. ഏപ്രിലില്‍ ഉത്തര കൊറിയ-ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it