Pathanamthitta local

ചരിത്ര ഏടുകള്‍ കണ്ടെത്താന്‍ സാക്ഷരതാമിഷന്റെ സര്‍വേ

പത്തനംതിട്ട: ജില്ലയിലെ മണ്‍മറഞ്ഞുപോയ ചരിത്ര ഏടുകള്‍ കണ്ടെത്താന്‍ സാക്ഷരതാമിഷന്റെ ചരിത്രരേഖ സര്‍വേ. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സഹകരണത്തോടെയാണ് 25 വര്‍ഷത്തിന് മുകളിലുള്ള ചരിത്രവഴികള്‍ സാക്ഷരതാമിഷന്‍ അന്വേഷിക്കുന്നത്.
ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയതും ആരും അറിയാതെ പോയതുമായ ചരിത്രശേഷിപ്പുകള്‍ പുറത്തെത്തിക്കുക, ഇത്തരത്തിലുള്ള അമൂല്യമായ ചരിത്ര ഏടുകളെ പുതുതലമുറയ്ക്ക് കൈമാറുക എന്നിവയൊക്കെയാണ് സര്‍വേയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യമിടുന്നത്.
സാക്ഷരതാമിഷന്റെ കീഴിലുള്ള പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളെയാണ് ചരിത്ര സര്‍വേ നടത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ജില്ലയിലാകെ 1600 തുല്യതാ പഠിതാക്കളാണുള്ളത്. ഇവരുടെ പഠനപ്രക്രിയയുടെ ഭാഗമായി ചരിത്രരേഖ സര്‍വേ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു പഠിതാവ് ഒരു ചരിത്രരേഖയെങ്കിലും കണ്ടെത്തണം. ഇങ്ങനെ കണ്ടെത്തുന്ന ചരിത്രരേഖകള്‍ വിലയിരുത്തി അതിന്റെ പ്രസക്തി അനുസരിച്ച് പഠിതാക്കള്‍ക്ക് ഇന്റേണല്‍ മാര്‍ക്കും നല്‍കും. രണ്ടാഴ്ച കൊണ്ടാണ് പഠിതാവ് സര്‍വേ പൂര്‍ത്തിയാക്കേണ്ടത്. ഇതിനായി പഠിതാക്കള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാം. കൂടാതെ സര്‍വേക്ക് മുന്നോടിയായി പഠിതാക്കള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കും.
പുരാവസ്തുക്കള്‍, പഴയകാല വീട്ടുപകരണങ്ങള്‍, താളിയോലകള്‍, ന്യൂസ് പേപ്പറുകള്‍, മാഗസിനുകള്‍, മുള, ചെമ്പുതകിട്, തുകല്‍, തുണി തുടങ്ങിയവയില്‍ എഴുതിയ ചരിത്രരേഖകള്‍, അച്ചടിക്കപ്പെട്ട അപൂര്‍വമായ പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ചരിത്ര സര്‍വേയില്‍ ഉള്‍പ്പെടുത്തുക. കണ്ടെത്തുന്ന ചരിത്രവസ്തുക്കളുടെ ശേഖരണവും സംരക്ഷണവും പുരാവസ്തുവകുപ്പിനാണ്.
സര്‍വേയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ ജി അനിത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വിനീതാ അനില്‍, സെക്രട്ടറി ജി കൃഷ്ണകുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. വി വി മാത്യു, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ഡോ. പി മുരുകദാസ്, കോഴ്‌സ് കണ്‍വീനര്‍ അഫ്‌സല്‍ ആനപ്പാറ, പത്താംതരം തുല്യത കോഴ്‌സ് കണ്‍വീനര്‍ രാജന്‍ പടിയറ, നോഡല്‍ പ്രേരക് ശശികല എസ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it