wayanad local

ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ നടപടിയില്ല

പനമരം: പുഞ്ചവയല്‍-കായക്കുന്ന്, പുഞ്ചവയല്‍-നീര്‍വാരം പാതയോരങ്ങളിലെ കല്ലമ്പലങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയില്ല. കൃഷ്ണഗുഡി, ജനാര്‍ദ്ദനഗുഡി എന്നിങ്ങനെ കരിങ്കല്ലില്‍ തീര്‍ത്ത രണ്ട് അമ്പലങ്ങളാണ് ഇവിടെ. ഇതില്‍ വിഷ്ണുഗുഡി ദേശീയ സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2015 സപ്തംബറില്‍ വിജ്ഞാപനം ചെയ്തതാണ്. ഇവിടെനിന്ന് 700 മീറ്റര്‍ മാറിയാണ് ജനാര്‍ദ്ദനഗുഡി.
ശിലാപാളികളും തൂണുകളും ഉപയോഗിച്ചുള്ളതാണ് രണ്ടു നിര്‍മിതികളും. കാലപ്രയാണത്തെ അതിജീവിച്ച തൂണുകളിലും പാളികളിലുമായി 300ലധികം കൊത്തുപണികളുണ്ട്. ജനാര്‍ദ്ദനഗുഡിയിലെ ശിലാപാളികളിലൊന്നില്‍ കന്നഡയിലുള്ള എഴുത്തും കാണാം. 12-14 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മിച്ചതാണ് കല്ലമ്പലങ്ങളെന്നു ചരിത്രകാരന്മാര്‍ പറയുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ജൈനമത വിശ്വാസികളായ ഹൊയ്‌സാല രാജാക്കന്മാരാണ് ഇവ പണിതതെന്നാണ് ചരിത്രകാരന്മാരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം.
ദക്ഷിണ കന്നഡയില്‍നിന്ന് വയനാട് വഴി പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് പോയിവന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങള്‍ പണിതതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.   മുത്തുകളുടെയും രത്‌നങ്ങളുടെയും വ്യാപാരത്തിനു പുകള്‍പെറ്റതായിരുന്നു പുഞ്ചവയലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളെന്നും ചരിത്രകാരന്മാര്‍ പറയുന്നു. നാശംനേരിടുന്ന കല്ലമ്പലങ്ങള്‍ ആന്‍ഷ്യന്റ് മോനിമെന്റ്‌സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്റ് റിമൈന്‍സ് (ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നു ശുപാര്‍ശ ചെയ്ത് എഎസ്‌ഐ ഡയറക്ടര്‍ക്ക് തൃശൂര്‍ സര്‍ക്കിള്‍ ഓഫിസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാര്‍ദ്ദനഗുഡിയും ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നത്. രണ്ടു കല്ലമ്പലങ്ങളുടെയും ചരിത്രപരമായ പ്രത്യേകതകള്‍, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്.
വിഷ്ണുഗുഡിയും ജനാര്‍ദ്ദനഗുഡിയും ദേശീയസ്മാരകങ്ങളാക്കി സംരക്ഷിക്കുമെന്നു ലോക്‌സഭയില്‍ 2009ല്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി വി നാരായണസ്വാമി പ്രസ്താവിച്ചിരുന്നു. ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വിഷ്ണുഗുഡി സന്ദര്‍ശിച്ചിരുന്നു.
ജീര്‍ണാസ്ഥയിലുള്ള ക്ഷേത്രം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതിയും രൂപരേഖയും ഉടന്‍ തയ്യാറാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍, നടപ്പായില്ല.
Next Story

RELATED STORIES

Share it