malappuram local

ചരിത്രവിജയം നേടി ശ്രീരാമകൃഷ്ണന്‍; പൊന്നാനി ഇടതിന്റെ കൈയില്‍ ഭദ്രം

പൊന്നാനി: കനത്ത മല്‍സരം നടന്ന പൊന്നാനി മണ്ഡലത്തില്‍ തകര്‍പ്പന്‍ ഭൂരിപക്ഷം നേടി ഇടത് സ്ഥാനാര്‍ഥി ശ്രീരാമകൃഷ്ണന്‍ വിജയിച്ചു.15640 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ പി ടി അജയ്‌മോഹനെ തോല്‍പ്പിച്ചത്.
കഴിഞ്ഞ തവണ 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശ്രീരാമകൃഷ്ണന്‍ ജയിച്ചത്.ഇത്തവണ ഭൂരിപക്ഷം മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.പൊന്നാനി നഗരസഭയില്‍ മാത്രം ഇടതിന് 88 23 വോടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് നേടി.കഴിഞ്ഞതവണ 6000 ത്തില്‍ താഴെ മാത്രമായിരുന്നു ഭൂരിപക്ഷം.മാറഞ്ചേരി പഞ്ചായത്തില്‍ 1437 വോട്ടിന്റെ ഭൂരിപക്ഷവും വെളിയങ്കോട് 1772 വോട്ടിന്റെ ഭൂരിപക്ഷവും പെരുമ്പടപ്പില്‍ 1438 വോട്ടിന്റെ ഭൂരിപക്ഷവും ആലംകോടില്‍ 380 വോട്ടിന്റെ ഭൂരിപക്ഷവും നന്നംമുക്കില്‍ 1857 വോട്ടിന്റെ ഭൂരിപക്ഷവുമാണ് ശ്രീരാമകൃഷ്ണന്‍ നേടിയത്.
മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലീഡ് നേടാനായില്ല.യുഡിഎഫിന്റെ ശക്തി കേന്ദ്രമായ ആലംകോട് പഞ്ചായത്തില്‍ 380 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടത് സ്ഥാനാര്‍ഥി നേടിയത്.യുഡിഎഫ് ഭരിക്കുന്ന പെരുമ്പടപ്പ്,വെളിയങ്കോട് പഞ്ചായത്തുകളിലും ഇടതിന് 1500 ന്റെ അടുത്ത് ഭൂരിപക്ഷമുണ്ട്.
ഇടത് കണക്കുകൂട്ടലുകളെയും ഞെട്ടിച്ച വിജയശതമാനമാണ് ശ്രീരാമകൃഷ്ണന് ലഭിച്ചത്.എണ്ണായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍.എന്നാല്‍ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപി യും ഒറ്റക്ക് മല്‍സരിച്ചത് ഇടതിന് ഒട്ടും ഭീഷണിയായില്ല.വെല്‍ഫെയര്‍ പാര്‍ട്ടിയിലെ ശാക്കിര്‍ 2048വോട്ട് നേടിയപ്പോള്‍ പിഡിപിയിലെ മൊയ്തുണ്ണി ഹാജി 1857 വോട്ട നേടി.കഴിഞ്ഞതവണ ഈ രണ്ട് പാര്‍ട്ടികളും ഇടതിനെ പിന്തുണച്ചിരുന്നു.കഴിഞ്ഞതവണ മുവ്വായിരം വോട്ട് നേടിയ എസ്ഡിപിഐ ക്ക് ഇത്തവണ 1659 വോട്ട് മാത്രമെ നേടാനായുള്ളൂ.ചെറുപാര്‍ട്ടികളില്‍ ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ചത് എസ്ഡിപിഐ ആണ്.യുഡിഎഫിലെ അജയ്‌മോഹന്‍ 53692 വോട്ട് നേടിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥി ശ്രീരാമകൃഷ്ണന്‍ 69332 വോട്ടുകള്‍ നേടി.ബിജെപിയിലെ സുരേന്ദ്രന്‍ 11662 വോട്ടുകള്‍ നേടി ശക്തി തെളിയിച്ചു.കഴിഞ്ഞതവണ 5000 വോട്ടുകളാണ് ബിജെപിക്ക് നേടാനായിരുന്നത്.നോട്ട 604 വോട്ട് നേടിയപ്പോള്‍ അജയ് മോഹന്റെ അപരന്‍ 240 വോട്ട് നേടി.കൊയിലന്‍ രാമകൃഷ്ണന്‍ എന്ന സ്വതന്ത്രന്‍ 61 വോട്ടുകളും നേടി
Next Story

RELATED STORIES

Share it