kannur local

ചരിത്രമായി മന്ത്രിമാരുടെ എണ്ണം; പ്രതീക്ഷയോടെ ഉത്തരദേശം

കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നു അഞ്ചു മന്ത്രിമാരെ ലഭിച്ചതില്‍ പ്രതീക്ഷയോടെ ഉത്തരദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ജില്ലയ്ക്ക് അഞ്ചു മന്ത്രിമാരെയാണ് ലഭിച്ചത്. സിപിഎമ്മില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, എന്‍സിപിയില്‍ നിന്ന് എ കെ ശശീന്ദ്രന്‍, കോണ്‍ഗ്രസ് എസില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണു ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിസഭ അംഗങ്ങള്‍. കാസര്‍കോട് നിന്ന് ഇ ചന്ദ്രശേഖരന്‍ കൂടി എത്തുമ്പോള്‍ ഉത്തരമലബാറിന്റെ പ്രതീക്ഷകള്‍ വാനോളം ഉയരുന്നു.
കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ പോര്‍ട്ടിനെ മേജര്‍ പോര്‍ട്ടാക്കല്‍, സൈബര്‍ പാര്‍ക്കുകള്‍, കണ്ടയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്ക് കാതോര്‍ക്കുന്ന ജില്ലയ്ക്ക് മന്ത്രിപദവികള്‍ തുണയേകുമെന്നു തന്നെയാണ് കണക്കൂകൂട്ടല്‍. പ്രത്യേകിച്ച് പ്രധാനപ്പെട്ട വകുപ്പുകളായ വ്യവസായം, തുറമുഖം, ഗതാഗതം, ആരോഗ്യം എന്നിവയെല്ലാം കണ്ണൂരിലെ മന്ത്രിമാര്‍ക്കാണെന്നതും ഗുണകരമാവുമെന്നാണു കണക്കുകൂട്ടല്‍. ജില്ലയുടെ വികസനത്തിനു ഇത് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന വരുംനാളുകളില്‍ ചര്‍ച്ചയാവും.
ധര്‍മടം മണ്ഡലത്തില്‍ നിന്നു ജയിച്ച പിണറായി വിജയന് ആഭ്യന്തരം, വിജിലന്‍സ് തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാമുണ്ട്. അക്രമരാഷ്ട്രീയത്തിനു പേരുകേട്ട ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുക എന്നതാവും പിണറായിക്കു മുന്നിലുള്ള വെല്ലുവിളി. പോലിസ്-ഉദ്യോഗസ്ഥ തലപ്പത്ത് വന്‍ അഴിച്ചുപണിക്കും സാധ്യത കാണുന്നുണ്ട്.
മട്ടന്നൂരില്‍ നിന്നുള്ള ഇ പി ജയരാജന് വ്യവസായവകുപ്പാണു ലഭിച്ചത്. വിമാനത്താവളം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ജയിച്ച ഇദ്ദേഹത്തിനു വ്യവസായ വകുപ്പ് ലഭിച്ചത് വിമാനത്താവള പദ്ധതിക്കും അനുബന്ധ വികസനത്തിനും ഏറെ മുതല്‍ക്കൂട്ടാവും.
കായികവകുപ്പ് കൂടിയുള്ളതിനാല്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം, തലശ്ശേരി സ്‌റ്റേഡിയം തുടങ്ങിയ ജില്ലയുടെ കായിക കുതിപ്പിനും മുതല്‍ക്കൂട്ടാവും. വി എസ് സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പാണു ലഭിച്ചത്.
വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ചെയ്യേണ്ട സുപ്രധാന വകുപ്പില്‍ കണ്ണൂരും ഏറെ പ്രതീക്ഷയര്‍പ്പിക്കുകയാണ്. ഏറെ ചര്‍ച്ചയായ അഴീക്കല്‍ തുറമുഖത്തിനു തന്നെയാവും കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ചുകയറിയ കടന്നപ്പള്ളി പ്രാധാന്യം നല്‍കുക. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്‌തെങ്കിലും പൂര്‍ണാര്‍ഥത്തില്‍ പോര്‍ട്ടായി മാറിയിട്ടില്ല.
കപ്പല്‍ചാലില്‍ മണല്‍ നിറഞ്ഞ് ആഴം കുറഞ്ഞതിനാല്‍ വലിയ കപ്പലുകള്‍ക്ക് തീരത്തടുക്കാനായിട്ടില്ല. ഏറെ സാധ്യതകളുള്ള മേജര്‍ പോര്‍ട്ടാക്കി മാറ്റാനുള്ള തീരുമാനത്തിനു പ്രഥമപരിഗണന നല്‍കുമെന്നാണു കണ്ണൂര്‍ നിവാസികളുടെ പ്രത്യാശ. കണ്ണൂര്‍ സിറ്റിയിലെ ആയിക്കര, തലശ്ശേരിയിലെ തലായി തുടങ്ങിയ മല്‍സ്യ ബന്ധന തുറമുകങ്ങളുടെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ കടന്നപ്പള്ളിക്ക് നാട്ടുകാരുടെ പ്രിയങ്കരനാവാന്‍ കഴിയും. പുരാവസ്തു, മ്യൂസിയം വകുപ്പുകള്‍ കൂടിയുള്ളതിനാല്‍ കണ്ണൂര്‍ കോട്ട, തലശ്ശേരി കോട്ട എന്നിവയുടെ നവീകരണവും ഉറ്റുനോക്കുന്നുണ്ട്.
വി എസ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ സ്ഥാനത്തേക്കാണ് ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവായ കെ കെ ശൈലജയെത്തുന്നത്. ജില്ലയുടെ ആരോഗ്യരംഗത്ത് ക്രിയാത്മക നടപടികളിലൂടെ ശ്രദ്ധേയനേട്ടം കൈവരിച്ച പി കെ ശ്രീമതിയുടെ പിന്‍ഗാമിയായി വരുന്ന നിലയിലുള്ള ശൈലജയ്ക്ക് എംഎല്‍എയെന്ന മുന്‍പരിചയം കൂട്ടിനുണ്ട്.
എന്‍സിപിയില്‍ നിന്നുള്ള എ കെ ശശീന്ദ്രന്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിയാണെങ്കിലും കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ നിന്നാണ് നിയമസഭയിലെത്തിയത്. നേരത്തേ രണ്ടുതവണ കണ്ണൂര്‍ ജില്ലയില്‍ നിന്നാണു ജയിച്ചത്.
മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയുടെ ഗതാഗതപ്രശ്‌നങ്ങള്‍ക്കു എ കെ ശശീന്ദ്രന്റെ സ്ഥാനലബ്ധി ഗുണകരമാവുമെന്നാണു വിലയിരുത്തല്‍. ഏതായാലും ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ പരിഹസിക്കാന്‍ എതിരാളികള്‍ പലപ്പോഴും പ്രയോഗിക്കുന്ന കണ്ണൂര്‍ ലോബിയെന്ന വാക്കിനെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് പിണറായി മന്ത്രിസഭയിലെ ജില്ലയുടെ പ്രാതിനിധ്യം.
Next Story

RELATED STORIES

Share it