ചരിത്രത്തിന്റെ മറവില്‍ അസത്യങ്ങള്‍

മുഗളന്‍മാരെ ഓര്‍ക്കുമ്പോള്‍-2 -  സമക്   റോയി
ചോ: വിവാദ വിഷയത്തിലേക്കു കടക്കാം. ആധുനിക കാലത്തിന്റെ പ്രാരംഭദശയില്‍ ഉയര്‍ന്നുവന്ന വിവാദമാണ് ക്ഷേത്രധ്വസനം സംബന്ധിച്ചുള്ളത്. വര്‍ഗീയവിദ്വേഷം കത്തിക്കുന്നതിനു വേണ്ടി വലതുപക്ഷ ഹിന്ദുത്വം നിത്യേനയെന്നോണം ഇത് ഉപയോഗിക്കുകയാണ്. സര്‍വകലാശാലകളില്‍ ഇതിനു പിന്നിലുള്ള രാഷ്ട്രീയം നിങ്ങള്‍ക്കു ചര്‍ച്ചയ്ക്കു വിധേയമാക്കാവുന്നതാണ്. രാഷ്ട്രീയപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കുന്നതു വഴി ഒരു പുതിയ ക്രമം സ്ഥാപിക്കുന്നതെങ്ങനെ? ശത്രുവിന്റെ പിടിച്ചെടുക്കുന്ന സ്വത്ത് ഭൗതികാവശ്യത്തിന് ഉപയോഗിക്കുന്നത് എങ്ങനെയാണ്? എന്നാല്‍ പൊതുമണ്ഡലത്തില്‍ ഇത്തരം വിഷയങ്ങള്‍ നിഷ്പക്ഷമായി ചര്‍ച്ചചെയ്യാനാവുമോ?
ഉ: ഇതൊരു നല്ല ചോദ്യമാണ്. അതിനൊരു മറുപടി എന്റെ കൈയിലുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ നേരത്തേ തീരുമാനമെടുക്കുന്നു. അതു മാറ്റുകയെന്നത് എളുപ്പമല്ല. ചരിത്രത്തെക്കുറിച്ച് അപരിചിതരായ സദസ്സിനോട് നാം പറയേണ്ടത് ഹിന്ദു രാജാക്കന്‍മാര്‍ അവരുടെ ശത്രുക്കളായ ഹിന്ദുക്കള്‍ നിര്‍മിച്ച ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു എന്ന കാര്യമാണ്. മുസ്‌ലിംകള്‍ മാത്രമല്ല ക്ഷേത്രം തകര്‍ത്തത്. അതൊരു പുതിയ കാര്യമായിരുന്നില്ല. അവര്‍ തന്നെ എല്ലാ ക്ഷേത്രങ്ങളും തകര്‍ത്തിരുന്നില്ല.
എന്നാല്‍, ഹിന്ദുത്വ ഗ്രന്ഥകാരനായ സീതാറാം ഗോയലിന്റെ പുസ്തകങ്ങള്‍ വായിച്ചവരെ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല. കുടുംബത്തോടൊപ്പം ഞാന്‍ ഗോവയില്‍ താമസിച്ചിരുന്നു. ഒരിക്കല്‍ അവിടെയുള്ള ഒരു കുടുംബത്തോട് എന്റെ മകള്‍ ഞാനൊരു ചരിത്രകാരിയാണെന്നു പറഞ്ഞു. ആ കുടുംബത്തിലെ ഗൃഹനാഥന്‍ എന്റെ അടുത്തുവന്ന് താജ്മഹല്‍ യഥാര്‍ഥത്തില്‍ ഒരു ഹിന്ദു ക്ഷേത്രമാണെന്ന കാര്യം താങ്കള്‍ക്കറിയുമോ എന്നു ചോദിച്ചു. ഞാന്‍ യാതൊരു ക്ഷോഭത്തിനും അടിമപ്പെടാതെ അദ്ദേഹത്തോട് സംസാരിച്ചു. അയാള്‍ ശ്രദ്ധിച്ചു കേട്ടുനിന്നു. ഞാനൊരു ഇന്ത്യക്കാരിയല്ലാതിരുന്നിട്ടുകൂടി അത്തരമൊരു ചരിത്രവുമായി ബന്ധമില്ലാത്ത ചോദ്യം കേട്ടപ്പോള്‍ ശാന്തമായിരിക്കാന്‍ എനിക്ക് വളരെയധികം പാടുപെടേണ്ടിവന്നു. എന്നാല്‍, ഞാന്‍ ശാന്തത കൈവിട്ടില്ല. ചരിത്രത്തിന്റെ പേരില്‍ പ്രചരിക്കുന്ന അസത്യങ്ങളെ നേരിടാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍, മെച്ചപ്പെട്ട മറ്റൊരു വഴി എനിക്കറിയില്ല. വര്‍ഗീയസംഘര്‍ഷങ്ങള്‍ മടുത്ത് ജനങ്ങള്‍ പുതിയ മറ്റു വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങുമ്പോള്‍ ഇതു താനെ ഇല്ലാതായിക്കൊള്ളും എന്നു കരുതുക.
ചോ: വികാരങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ മേഖലയില്‍ ഇപ്പോള്‍ വലിയ പഠനങ്ങള്‍ നടക്കുന്നു. വികാരങ്ങളുടെ ചരിത്രത്തിന്റെ സ്രോതസ്സായി വാസ്തുവിദ്യകലയ്ക്ക് വല്ല സാധ്യതയുമുണ്ടോ. ഉണ്ടെങ്കില്‍ വാസ്തുവിദ്യകലയെ മനുഷ്യാനുഭവവുമായി എങ്ങനെ ബന്ധപ്പെടുത്താന്‍ സാധിക്കും.
ഉ: ജര്‍മനിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ എനിക്ക് ചില രേഖകള്‍ ലഭിച്ചിരുന്നു. വര്‍ഷകാലത്തെ വികാരങ്ങളെക്കുറിച്ചായിരുന്നു സമ്മേളനം. ഋതുക്കളെക്കുറിച്ചുള്ള ബാബറിന്റെയും ജഹാംഗീറിന്റെയും ചില കുറിപ്പുകള്‍ ഞാന്‍ ശേഖരിച്ചു. ആഗ്രയിലുള്ള വിശ്രമമണ്ഡപം നിര്‍മിച്ചത് ബാബറാവാനാണു സാധ്യത. പിന്നീട് ജഹാംഗീര്‍ അത് പുതുക്കിപ്പണിതു. പൊതുകാര്യങ്ങളെപ്പറ്റിയും മണ്‍സൂണ്‍ കാലത്ത് പൂന്തോട്ടത്തിലെ വിശ്രമമണ്ഡപത്തെപ്പറ്റിയുമാണ് അദ്ദേഹം എഴുതിയത്. 17ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ മഴക്കാലത്ത് പുഷ്പിച്ചിരുന്ന ചെടികളെ വളരെ ശ്രദ്ധയോടെ ചിത്രങ്ങളായി രേഖപ്പെടുത്തിയിരുന്നു. പുഷ്പങ്ങളുടെ സുഗന്ധത്തെയും മറ്റും അദ്ദേഹം വിവരിച്ചിരുന്നു. ഭരത്പൂരിനു സമീപം ഒരു ജലാശയത്തിനരികെ മണ്‍സൂണിനെ അനുകരിക്കാന്‍ ഉദ്ദേശിച്ചു നിര്‍മിച്ച പവലിയന്‍ ഞാന്‍ ഈയിടെ സന്ദര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ നമുക്കു വലിയ രേഖകളൊന്നും ലഭ്യമല്ല. മുഗള്‍ വാസ്തുശില്‍പകല മാത്രമായി ഞാന്‍ പഠിപ്പിക്കാറില്ല. അതിനു രജപുത്ര പാരമ്പര്യവും സഫവി-ഉസ്മാനി പാരമ്പര്യവും അറിയേണ്ടതുണ്ട്.
വികാരത്തെയും ഗന്ധങ്ങളെയും ബാധിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ടെന്ന് ജര്‍മനിയില്‍ എനിക്കു മനസ്സിലായി. എന്നാല്‍, അതുപോലെയുള്ള പഠനം ഇന്ത്യയില്‍ നടക്കുന്നുണ്ടോ എന്നറിയില്ല. എന്നാല്‍, സിന്തിയാ ടാല്‍ബട്ട് എഴുതിയ ഗ്രന്ഥത്തില്‍ അക്ബര്‍ ബുദ്ധി കീഴടക്കുമ്പോഴുള്ള ക്ഷോഭത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
ഉസ്മാനി പള്ളികളിലെ ഗന്ധങ്ങളെയും ശബ്ദങ്ങളെയും കുറിച്ചാണ് എന്റെ ഒരു വിദ്യാര്‍ഥിനി പഠനം നടത്തിയത്. ഉസ്മാനികളെ സംബന്ധിച്ച് നിരവധി രേഖകളും പുരാവൃത്തങ്ങളുമുള്ളതുകൊണ്ടാണ് അവള്‍ക്ക് പഠനം എളുപ്പമായതെന്നാണു ഞാന്‍ കരുതുന്നത്. എത്രതരം സുഗന്ധവസ്തുക്കളാണ് അവര്‍ കത്തിച്ചതെന്നും അതിനു വേണ്ടി അവര്‍ എത്ര പണം ചെലവഴിച്ചെന്നും അവള്‍ കണ്ടെത്തി.                     ി

(പരിഭാഷ: കോയ കുന്ദമംഗലം )
Next Story

RELATED STORIES

Share it