Editorial

ചരിത്രം രേഖപ്പെടുത്തുന്ന ഹസ്തദാനം

ചരിത്രപ്രധാനമെന്നു ലോകം മുഴുക്കെ വിധിയെഴുതിയ ഹസ്തദാനത്തിലൂടെയും ആലിംഗനത്തിലൂടെയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ ചെയര്‍മാന്‍ കിം ജോങ് ഉന്നും കൊറിയന്‍ ഉപദ്വീപില്‍ സമാധാനം സ്ഥാപിക്കാനുള്ള ആദ്യനീക്കം നടത്തി എന്നു കരുതാവുന്നതാണ്. സിംഗപ്പൂരില്‍ ചേര്‍ന്ന ഉച്ചകോടിക്കു ശേഷം ഇരുവരും ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ മേഖല പൂര്‍ണമായി അണ്വായുധ വിമുക്തമാക്കുമെന്നും തെക്കന്‍ കൊറിയയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കുന്നു. തെക്കന്‍ കൊറിയയുമായി ചേര്‍ന്ന് ഇടയ്ക്കിടെ നടത്താറുള്ള സൈനികാഭ്യാസം തുടര്‍ന്നുണ്ടാവില്ലെന്നും ട്രംപ് ഉറപ്പുനല്‍കിയിട്ടുണ്ട്.
ട്രംപും കിമ്മും പരസ്പരം വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമാണ് കഴിഞ്ഞ വര്‍ഷം സമയം കണ്ടിരുന്നത്. വടക്കന്‍ കൊറിയയെ ചാമ്പലാക്കുമെന്ന് ട്രംപ് ആക്രോശിച്ചപ്പോള്‍ അമേരിക്കന്‍ നഗരങ്ങളിലെത്താന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കാനാണ് കിം മുതിര്‍ന്നത്. തീവ്ര വലതുപക്ഷക്കാരനായ മൈക്ക് പോംപിയോ വിദേശകാര്യ സെക്രട്ടറിയായതോടെ വടക്കന്‍ കൊറിയയോടുള്ള നയം കൂടുതല്‍ കടുപ്പിക്കുമെന്നാണു കരുതപ്പെട്ടിരുന്നത്. സുരക്ഷാ ഉപദേഷ്ടാവായി കൊടുംതീവ്രവാദിയായ ജോണ്‍ ബോള്‍ട്ടന്‍ രംഗത്തുവന്നതോടെ ആദ്യം ഉച്ചകോടിയില്‍ നിന്ന് ട്രംപ് പിന്‍മാറുകയായിരുന്നു. വടക്കന്‍ കൊറിയ ലിബിയ ആക്കി മാറ്റണമെന്ന പക്ഷക്കാരനായ ബോള്‍ട്ടന്‍ ഉപദ്വീപിനെ മുഴുവന്‍ ചുടലക്കളമാക്കുന്ന ഒരാക്രമണത്തിന് ട്രംപിനെ പ്രേരിപ്പിക്കുമെന്നാണു കരുതപ്പെട്ടിരുന്നത്.
പൊതുവില്‍ ചഞ്ചലചിത്തനായി അറിയപ്പെടുന്ന ട്രംപ് അത്തരം ഉപദേശങ്ങളൊക്കെ അവഗണിച്ച് സിംഗപ്പൂരിലേക്ക് പറന്നത് യാഥാര്‍ഥ്യബോധമുള്ള മറ്റു ചിലര്‍ ഉപദേശിച്ചതുപ്രകാരമാണെന്നാണു കരുതപ്പെടുന്നത്. യുദ്ധമുണ്ടായാല്‍ വലിയ നാശമുണ്ടാവുന്ന തെക്കന്‍ കൊറിയയുടെ സമ്മര്‍ദവും അതിനു പ്രേരണയായിട്ടുണ്ടാവും. പക്ഷേ, എന്തൊക്കെ നടക്കുമെന്ന് കൃത്യമായി വിശദീകരിക്കാത്ത സംയുക്ത പ്രസ്താവനയിലാണ് ഇരുവരും ഒപ്പുവച്ചിരിക്കുന്നത്. വടക്കന്‍ കൊറിയ എപ്പോള്‍, എങ്ങനെ തങ്ങളുടെ അണ്വായുധശേഖരം നശിപ്പിക്കുമെന്നു രേഖ വിശദീകരിക്കുന്നില്ല. വടക്കന്‍ കൊറിയക്കെതിരേ ഉപരോധം തല്‍ക്കാലം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. വടക്കന്‍ കൊറിയയുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നത് അണ്വായുധങ്ങളും മിസൈലുകളുമായതിനാല്‍ അത്ര പെട്ടെന്ന് അവയൊക്കെ ഉപേക്ഷിച്ച് ലിബിയയിലെ ഖദ്ദാഫിയെപ്പോലെ തെരുവില്‍ അതിഹീനമായി കൊല്ലപ്പെടാന്‍ ഏതായാലും കിമ്മോ അദ്ദേഹത്തിന്റെ സഹസഖാക്കളോ തയ്യാറാവുമെന്നു തോന്നുന്നില്ല. അമേരിക്കയാണെങ്കില്‍ ഒട്ടും വിശ്വസിക്കാന്‍ പറ്റാത്ത സൈനികശക്തിയാണുതാനും. അതേയവസരം സാമ്പത്തികരംഗത്ത് ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഏകാധിപത്യ ഭരണകൂടം ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറാവുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. ഉച്ചകോടിയില്‍ കിമ്മിനാണ് കൂടുതല്‍ നേട്ടങ്ങളുണ്ടായതെന്ന് പൊതുവില്‍ വിലയിരുത്തലുണ്ട്. എന്നാല്‍, സിംഗപ്പൂരില്‍ ഇരുരാഷ്ട്രത്തലവന്‍മാരും സമ്മേളിച്ചതും സംസാരിച്ചതും ഏഷ്യന്‍ മേഖലയിലെ സംഘര്‍ഷം ദൂരീകരിക്കുന്നതിനു സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Next Story

RELATED STORIES

Share it