kannur local

ചരിത്രം നിറഞ്ഞൊഴുകിയ കാനാമ്പുഴ

കണ്ണൂര്‍: മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ അയ്യപ്പന്‍ മലയിലെ ഒരു കാട്ടരുവിയായി തുടങ്ങി മാച്ചേരി, വട്ടപ്പൊയില്‍, പെരിങ്ങളായി, കാപ്പാട്, തിലാനൂര്‍ എന്നിവിടങ്ങളിലൂടെ വലിയൊരു തോടായി ഒഴുകി എളയാവൂര്‍, താഴെചൊവ്വ, കുറുവ വഴി ആദികടലായിയിലൂടെ അറബിക്കടലില്‍ പതിച്ച നദി, എളയാവൂര്‍, വലിയന്നൂര്‍, വാരം വഴി ഒരു കൈവഴി, കണ്ണോത്തുംചാല്‍, ഇന്നത്തെ കണ്ണൂര്‍ നഗരം വരെ നീളുന്ന മറ്റൊരു കൈവഴി, തോട്ടട ഭാഗത്തേക്ക് മറ്റൊരു കൈവഴിയുമുണ്ടായിരുന്നു. കാനത്തൂര്‍ എന്ന കണ്ണൂരിന് കണ്ണൂര്‍ എന്ന പേര് ലഭിച്ചതു തന്നെ കാനാമ്പുഴയുടെ കര എന്ന നിലയിലാണെന്ന് ചരിത്രകാരന്‍ ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായര്‍ അനുമാനിക്കുന്നു. എഡി 14ാം നൂറ്റാണ്ടില്‍ വിദേശ സഞ്ചാരിയായ ഫ്രയര്‍ ജോര്‍ദാമസാണ് കാനന്നൂര്‍ എന്ന് ആദ്യമായി രേഖപ്പെടുത്തിയത്. എന്നാല്‍ കാനാമ്പുഴ മനുഷ്യരുടെ ആര്‍ത്തിക്കിരയായി മണ്ണടിയുകയായിരുന്നു. കാപ്പാട്ട് വഴി ഒരു തോടായി ഒഴുകി താഴെചൊവ്വ, കിഴുത്തള്ളി വഴി അവേര, കുറുവ വഴി കടലായിയില്‍ പതിക്കുകയാണിപ്പോള്‍ കാനാമ്പുഴ. ഒരടിയുള്ള അരുവിയായി തുടങ്ങി ആറ് മീറ്റര്‍ വീതിയുള്ള തോടായി വികസിച്ച് ഒടുവില്‍ 50 മീറ്റര്‍ വീതിയോടെ അഴിമുഖത്തെത്തുന്ന പുഴ. മാലിന്യനിക്ഷേപത്തെ തുടര്‍ന്നാണു പുഴയൊഴുക്ക് നിലച്ചത്. മുണ്ടേരി, ചേലോറ, എടക്കാട്, എളയാവൂര്‍ പഞ്ചായത്തുകളിലെ വലിയൊരു നെല്ലറയുമായിരുന്നു കാനാമ്പുഴ. മൂന്ന് വിളവരെ കൃഷി ചെയ്യാവുന്ന നെല്ലറ. എന്നാല്‍ ഒഴുക്ക് നിലച്ചതോടെ വെള്ളപ്പൊക്കം കാരണം ഒന്നാം വിള കൃഷി പൂര്‍ണമായും ഇല്ലാതായി. വെള്ളം കിട്ടാതായതോടെ രണ്ടാം വിള കൃഷിയും നഷ്ടത്തിലായി.
Next Story

RELATED STORIES

Share it