Flash News

ചരിത്രം കുറിച്ച് വിയ്യൂര്‍ ജയിലില്‍ നിന്ന് വീണ്ടുമൊരു വിജയഗാഥ



മുളങ്കുന്നത്തുകാവ്: ജയില്‍ ചരിത്രം തിരുത്തിക്കുറിച്ച് വിയ്യൂര്‍ ജയിലില്‍ നിന്നു വീണ്ടുമൊരു വിജയഗാഥ. ജയില്‍ അന്തേവാസികള്‍ രൂപം നല്‍കിയ ഫ്രീഡം മ്യൂസിക് ട്രൂപ്പിന്റെ കന്നിപ്രകടനം സംഗീതസാന്ദ്രമായി. 'കാനനവാസാ കലിയുഗവരദാ' എന്ന പാട്ടില്‍ തുടങ്ങി കലാമികവു തികഞ്ഞ പ്രകടനങ്ങള്‍. തടവറയിലെ കലാകാരന്‍മാര്‍ സ്വയം മറന്നു പാടിയപ്പോള്‍ ജയില്‍ അധികൃതരും സഹതടവുകാരും നിറഞ്ഞ കൈയടികളോടെ പ്രോല്‍സാഹനം നല്‍കി. നാടന്‍ കോല്‍ക്കളി, ബാഹുബലിയും പുലിമുരുകനും, തമാശ സ്‌കിറ്റുകള്‍ എന്നിവയും വേദിയില്‍ അരങ്ങേറി. തടവറയിലെ ഏകാന്തതയും വേദനകളും മറന്ന് അന്തേവാസികള്‍ മ്യൂസിക് ട്രൂപ്പിന്റെ അരങ്ങേറ്റം ഉല്‍സവമാക്കി. തടവുകാരുടെ ഏറെക്കാലത്തെ ആഗ്രഹസാക്ഷാല്‍ക്കാരമായിരുന്നു അത്. ജയില്‍വേഷം മാറ്റി നീല ടീഷര്‍ട്ടണിഞ്ഞ് ടീം അംഗങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ ആഘോഷം തുടങ്ങി. ജന്മസിദ്ധമായി കിട്ടിയ കലയും കഴിവും ഓരോ പാട്ടിലും കലാപ്രകടനത്തിലും പ്രതിഫലിച്ചു. ജയില്‍ അന്തേവാസികളുടെ സേവനം സമൂഹത്തിന് ഉപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ജയില്‍ ചപ്പാത്തി, ബേക്കറി, നെറ്റിപ്പട്ട നിര്‍മാണം എന്നിവയ്ക്ക് ആരംഭം കുറിച്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുതന്നെയാണ് മ്യൂസിക് ട്രൂപ്പിന്റെയും പിറവി. വിയ്യൂര്‍ ജയിലിലും അനുബന്ധിച്ചുള്ള നാലു ജയിലുകളിലും നടക്കുന്ന പരിപാടികളിലും ഡിജിപിയുടെ അനുവാദത്തോടെ മ്യൂസിക് ട്രൂപ്പിന് പങ്കെടുക്കാന്‍ കഴിയും. മുമ്പ് കേരളത്തിലെ ആദ്യത്തെ ജയില്‍ വോളിബോള്‍ ടീം ഉണ്ടായതും വിയ്യൂര്‍ ജയിലില്‍ നിന്നാണ്. കലാപ്രകടനങ്ങള്‍ ആവേശത്തോടെയാണ് സഹതടവുകാര്‍ സ്വീകരിച്ചത്. ചടങ്ങില്‍ പത്താംതരം തുല്യതാ പരീക്ഷയില്‍ വിജയിച്ച പ്രവീണ്‍കുമാറിന് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി ആദരിച്ചു. മധ്യമേഖലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സാം തങ്കയ്യന്‍ മ്യൂസിക് ട്രൂപ്പിന്റെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ സൂപ്രണ്ട് വിനോദ്കുമാര്‍, ഹൈ സെക്യൂരിറ്റി പ്രിസണ്‍ സൂപ്രണ്ട് ടി ബാബുരാജന്‍, ജോയിന്റ് സൂപ്രണ്ട് ബി സുനില്‍കുമാര്‍, വെല്‍ഫെയര്‍ ഓഫിസര്‍ ടി ശ്യാമളകുമാരി, കൗണ്‍സിലര്‍ വി സുരേഷ്‌കുമാര്‍, റോട്ടറി ക്ലബ്ബ് ഭാരവാഹി പി പി ബെഞ്ചമിന്‍, ലയണ്‍സ് ക്ലബ് ഭാരവാഹി സനോജ് ഡേവിസ് പങ്കെടുത്തു. ഇതോടനുബന്ധിച്ച് നവീകരിച്ച കുളത്തിന്റെയും ജയിലിനകത്ത് നിര്‍മിച്ച അരയന്നത്തോണിയുടെയും ചപ്പാത്തി വില്‍പനയ്ക്കായി ലഭിച്ച വാനിന്റെയും ഉദ്ഘാടനവും ഡിെഎജി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it