Flash News

ചരിത്രം കുറിക്കാന്‍ പറങ്കിക്കൂട്ടം

ചരിത്രം കുറിക്കാന്‍ പറങ്കിക്കൂട്ടം
X


വിഷ്ണു  സലി

കായികലോകത്തിന്റെ കാത്തിരിപ്പിന്  ഇനി 45 നാള്‍ ദൂരം മാത്രം. കാല്‍പന്തില്‍ ആരാധനയുടെ പ്രാണവായു നിറച്ച് കാത്തിരിക്കുകയാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും. റഷ്യയിലെ പുല്‍ മൈതാനത്ത് പന്തുരുണ്ട് തുടങ്ങുമ്പോള്‍ ഇത്തവണ ഏറെ പ്രതീക്ഷകളോടെയാണ് പോര്‍ച്ചുഗലും റഷ്യയിലേക്കെത്തുന്നത്. 2016ലെ യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മല്‍സരിക്കുക. ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന  ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ കളിക്കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പറങ്കിപ്പട റഷ്യയിലേക്ക് വിമാനം കയറുമ്പോള്‍ മുന്നിലുള്ളത് കടുത്ത വെല്ലുവിളികള്‍ തന്നെയാണ്.'തുറമുഖങ്ങളുടെ നഗരം'എന്നര്‍ഥം വരുന്ന പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ഒരു ലഹരിയായി പടര്‍ന്ന് പിടിച്ചത് വളരെ വേഗത്തിലായിരുന്നു. 10.5 ദശലക്ഷം ജനസംഖ്യ മാത്രമുള്ള പോര്‍ച്ചുഗല്ലില്‍ 1875ലാണ് ആദ്യമായി അംഗീകൃത മല്‍സരങ്ങള്‍ തുടങ്ങുന്നത്. കേരളക്കരയിലടക്കം കാലൊപ്പ് ചാര്‍ത്തിയ പറങ്കിനാട്ടുകാരുടെ നാവികമികവിലൂടെ അവരുടെ ഫുട്‌ബോളും വളര്‍ന്നു. ഒടുവില്‍ 1921ല്‍ പോര്‍ച്ചുഗല്‍ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരവും കളിച്ചു. അരങ്ങേറ്റ മല്‍സരത്തില്‍ സ്‌പെയിനിനോട് 3-1ന് പോര്‍ച്ചുഗല്‍ പരാജയമേറ്റുവാങ്ങി. സമുദ്രത്തോട് പടവെട്ടി ചരിത്രം സൃഷ്ടിച്ച പോര്‍ച്ചുഗീസ് പാരമ്പര്യം കാല്‍പന്തിലും അവര്‍ നിലനിര്‍ത്തിയതോടെ പറങ്കിനാട്ടില്‍ പകര്‍ച്ചവ്യാധി പോലെ ഫുട്‌ബോളാവേശം പടര്‍ന്നു. പിന്നീടങ്ങോട്ട് ലോക ഫുട്‌ബോളില്‍ പ്രതിഭാസമ്പന്നന്‍മാരായ നിരവധി താരങ്ങള്‍ പറങ്കിനാട്ടില്‍ നിന്ന് വളര്‍ന്നുവന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ഒരു തവണ പോലും ലോകകപ്പില്‍ മുത്തമിടാന്‍ പോര്‍ച്ചുഗല്ലിനായിട്ടില്ല.
ആറ് തവണ ലോകകപ്പ് കളിച്ച പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടില്‍ നടന്ന 1966 ലോകകപ്പിലാണ് ആദ്യമായി സാന്നിധ്യമറിയിക്കുന്നത്. അന്ന് കാല്‍പന്തിനെ അടക്കിവാണിരുന്ന ശക്തികളെ വിറപ്പിച്ച് മൂന്നാം സ്ഥാനം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. പക്ഷേ ആ കളിമികവ് പിന്നീടുള്ള ലോകകപ്പില്‍ ആവര്‍ത്തിക്കാന്‍ പോര്‍ച്ചുഗല്ലിനായില്ല. 20 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം ലോകകപ്പ് കളിക്കാന്‍ പോര്‍ച്ചുഗല്‍ യോഗ്യത നേടിയെടുത്തെങ്കിലും 1986ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പോര്‍ച്ചുഗല്ലിന് പുറത്തുപോവേണ്ടി വന്നു. തുടര്‍ന്ന് കൊറിയയും ജപ്പാനും ആതിഥേയത്വം പങ്കിട്ട 2002 ലോകകപ്പിലാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടുന്നത്. അന്നും ഗ്രൂപ്പ് സ്റ്റേജ് കടക്കാന്‍ പറങ്കികള്‍ക്കായില്ല. പിന്നീട് നടന്ന മൂന്ന് ലോകകപ്പിലും പറങ്കികള്‍ സാന്നിധ്യമറിയിച്ചു. ജര്‍മനി ആതിഥേയത്വം വഹിച്ച 2006 ലോകകപ്പില്‍ മികച്ച മുന്നേറ്റം പോര്‍ച്ചുഗല്‍ പുറത്തെടുത്തെങ്കിലും നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന പ്രതിഭയുടെ അരങ്ങേറ്റ ലോകകപ്പുകൂടിയായിരുന്നു ഇത്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച 2010 ലോകകപ്പില്‍ ആദ്യ 16നുള്ളില്‍ പോര്‍ച്ചുഗല്ലിന്റെ പോരാട്ടം അവസാനിച്ചു. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ത്തന്നെ പോര്‍ച്ചുഗല്‍ പുറത്തായി.ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പോര്‍ച്ചുഗല്‍ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും  ഹംഗറിയുടെയും പോരാട്ടവീര്യത്തെ ചെറുത്ത് തോല്‍പ്പിച്ചായിരുന്നു പോര്‍ച്ചുഗല്ലിന്റെ മുന്നേറ്റം. 15 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഒമ്പത് ഗോളുകള്‍ നേടിയ ആന്‍ഡ്രേ സില്‍വയുമാണ് പോര്‍ച്ചുഗല്ലിന്റെ ലോകകപ്പ് മോഹങ്ങള്‍ അനായാസമാക്കിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ പോരാട്ടങ്ങളില്‍ ഈജിപ്തിനെ പോര്‍ച്ചുഗല്‍ തോല്‍പിച്ചെങ്കിലും നെതര്‍ഡലന്‍ഡ്‌സിനോട് പരാജയപ്പെടുകയും ചെയ്തു.പോര്‍ച്ചുഗല്ലിന്റെ ഇതുവരെയുള്ള ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച താരമെന്ന ബഹുമതി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണെങ്കിലും ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോള്‍ നേടിയ താരം യൂസബിയോയാണ്. 1966ലെ ലോകകപ്പില്‍ മാത്രമാണ് യൂസബിയോ പോര്‍ച്ചുഗല്ലിനായി ബൂട്ടണിഞ്ഞതെങ്കിലും ഒമ്പത് ഗോളുകള്‍ നേടി ആ ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് താരം സ്വന്തം പേരിലാക്കി. ലൂയി ഫിഗോ, പൗലേറ്റ, ജോസ് ആഗ്യുസ്‌റ്റോ, ജോസ് ടോറസ് എന്നിവരെല്ലാം പോര്‍ച്ചുഗല്ലിന്റെ ലോകകപ്പ് ചരിത്രത്തിലെ മറക്കാനാവാത്ത പേരുകളാണ്.
ഇതുവരെ കഴിഞ്ഞത് ചരിത്രമാണ്. കാല്‍പന്തില്‍ കണക്കുകള്‍ക്ക് സ്ഥാനമില്ല. റഷ്യയില്‍ കളിമികവുകൊണ്ട് മാത്രമാണ് ഇനി ഉത്തരങ്ങള്‍ പറയേണ്ടത്. മുന്‍ പോര്‍ച്ചുഗീസ് പ്രതിരോധ നിര താരമായിരുന്ന ഫെര്‍ണാണ്ടോ സാന്റോസിന്റെ ശിക്ഷണത്തിന് കീഴിലാണ് പോര്‍ച്ചുഗല്‍ ഇത്തവണ ബൂട്ടണിയുന്നത്. ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉന്നം പിഴക്കാത്ത കാലുകളിലാണ് ഒരു ജനതയുടെ പ്രതീക്ഷയുള്ളത്. ലെഫ്റ്റ് മിഡ്ഫീല്‍ഡില്‍ ജാവോ മരിയയും ബെര്‍ണാഡോ സില്‍വയും സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ വില്യം കര്‍വാലോയും റെനാറ്റോ സാഞ്ചസും പോര്‍ച്ചുഗലിന് കരുത്തേകാന്‍ ഒപ്പമുണ്ട്. റൈറ്റ് ബാക്കില്‍ നെല്‍സണ്‍ ബുമണ്ടോയും റാഫേല്‍ ഗുറേറോയും വിങുകളിലൂടെ പന്ത് പായിക്കാന്‍ മിടുക്കന്‍മാരാണ്. മുന്‍നിരയില്‍ വജ്രായുധമായ റൊണാള്‍ഡോയ്‌ക്കൊപ്പം ആന്ദ്രേ സില്‍വയും കൂടി ചേരുമ്പോള്‍ എതിരാളികളെല്ലാം കരുതിത്തന്നെ ഇറങ്ങണം. ഇത്തവണത്തെ പോര്‍ച്ചുഗല്‍ ടീമിനെക്കുറിച്ച് പരിശീലകന്‍ സാന്റോസ് പറഞ്ഞത് ഇങ്ങനെയാണ്. 'തനിക്ക് കീഴില്‍ നാല് വര്‍ഷമായി കളിച്ചുവരുന്ന പോര്‍ച്ചുഗല്‍ ടീമിന് എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും അറിയാം. അതിന് തെളിവാണ് 2016ല്‍ ഞങ്ങള്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായത്'. ആ വാക്കുകളില്‍ തെളിഞ്ഞ ആത്മവിശ്വാസം തന്നെയാണ് പോര്‍ച്ചുഗലിന്റെ കരുത്ത്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് സ്‌പെയിനും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it