ചരക്ക് സേവന നികുതി; ബില്ല് പാസാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ല് പാസാക്കിയെടുക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എം വെങ്കയ്യ നായ്ഡു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബില്ല് പാസാക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചതായാണ് റിപോര്‍ട്ട്. കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിച്ച് അടുത്ത മാസം നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഏതു വിധേനയും ബില്ല് പാസാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ബജറ്റ് സമ്മേളനം നേരത്തേ നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചരക്ക് സേവന നികുതി നിയമം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക്‌സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ന്യൂനപക്ഷമായതിനാല്‍ ബില്ല് പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്തുണ അനിവാര്യമാണ്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ബില്ല് പാസാക്കാനുള്ള പിന്തുണ തേടി പ്രധാനമന്ത്രി തന്നെ സോണിയ ഗാന്ധി, മന്‍മോഹന്‍സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ച ഫലം കണ്ടില്ല.പിന്നീട്, കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റിലി നടത്തിയ അനുരഞ്ജന ശ്രമവും പരാജയപ്പെട്ടതോടെയാണ് ബജറ്റ് സമ്മേളനത്തിന് മുമ്പെ മന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസ്സിനെ അനുനയിപ്പിക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.
നേരത്തേ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് ഭേദഗതി വരുത്തിയാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ല് ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭ പ്രത്യേക സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് ആക്കം കൂട്ടുമെന്നതിനാലാണ് പ്രതിസന്ധി മറികടക്കാന്‍ അനുനയ ശ്രമത്തിന് സര്‍ക്കാര്‍ ശ്രമമാരംഭിച്ചത്.
Next Story

RELATED STORIES

Share it