ചരക്ക് സേവന നികുതി ബില്ല്; ചര്‍ച്ച പരാജയം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ല് പാസാക്കിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. ബില്ല് പാസാക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും ചായസല്‍ക്കാരത്തിനു വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിനു പുറത്തു നടത്തിയ നീക്കം പാളി.
ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന്, വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ തുടരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആശങ്കകളില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. വിഷയത്തില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നരേന്ദ്ര മോദിക്കും ജെയ്റ്റ്‌ലിക്കുമൊപ്പം കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇന്നലെ വൈകീട്ട് 7 മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗം 45 മിനിറ്റ് നീണ്ടുനിന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും സോണിയാഗാന്ധിയും ഔദ്യോഗികമായി നേരില്‍ കൂടിക്കാഴ്ച നടത്തുന്നത്. മൂന്നു കാര്യങ്ങളില്‍ മാറ്റം വരുത്താതെ ബില്ല് പാസാക്കാന്‍ അനുവദിക്കില്ലെന്നു കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം നികുതി, ഏകീകൃത ചരക്കു സേവന നികുതി ഭരണഘടനാപരമായിത്തന്നെ പരമാവധി 18 ശതമാനമായി നിജപ്പെടുത്തുക, കേന്ദ്ര-സംസ്ഥാന നികുതിവിഹിതം അടക്കമുള്ള തര്‍ക്കപരിഹാരത്തിനു പൂര്‍ണമായി സ്വതന്ത്ര സംവിധാനം ഏര്‍പ്പെടുത്തുക എന്നീ മൂന്നു കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജിഎസ്ടി വിഷയത്തില്‍ പാര്‍ലമെന്റിലാണ് കൂടുതല്‍ ചര്‍ച്ച വേണ്ടതെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇതിനു സര്‍ക്കാര്‍ തയ്യാറായാല്‍ ബില്ലിനെ പിന്തുണയ്ക്കാമെന്ന് കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിന് ബില്ല് ലോക്‌സഭ പാസാക്കിയാലും രാജ്യസഭ കടക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ അനിവാര്യമാണ്. അതേസമയം, ജനങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദം മൂലമാണ് സോണിയാഗാന്ധിയെയും ഡോ. മന്‍മോഹന്‍ സിങിനെയും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചതെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ചായസല്‍ക്കാരത്തിനു കോണ്‍ഗ്രസ് നേതാക്കളെ മാത്രം വിളിച്ചത് ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു.
Next Story

RELATED STORIES

Share it