kasaragod local

ചരക്ക് ലോറികളും കെഎസ്ടിപി റോഡിലൂടെ; നഗരത്തില്‍ ഗതാഗതക്കുരുക്ക്



കാഞ്ഞങ്ങാട്: ചരക്കുവാഹനങ്ങളും ദേശീയപാത 17 ലൂടെ ഓടേണ്ട വാഹനങ്ങളും ചന്ദ്രഗിരി റോഡിലൂടെ കടന്നുപോകുന്നത് മൂലം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതകുരുക്ക്. ടൗണില്‍ രാവിലെ ഒമ്പത് മുതല്‍ തുടങ്ങുന്ന ഗതാഗതക്കുരുക്കിനിടയില്‍ ചരക്ക് ലോറികള്‍ കൂടി വരുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഏറെ പ്രയാസമനുഭവിക്കേണ്ടി വരുന്നു. ദൂരക്കുറവിന്റെ പേരിലാണ് ചരക്കുവാഹനങ്ങള്‍ ചന്ദ്രഗിരി റോഡിലൂടെ സഞ്ചരിക്കുന്നത്. ഇതിന് പുറമെ കെഎസ്ടിപി റോഡ് കാസര്‍കോട് ഭാഗത്തെ പണി പൂര്‍ത്തിയായതും വാഹനങ്ങള്‍ വഴിമാറിയോടാന്‍ പ്രേരിപ്പിക്കുന്നു. സ്‌കൂള്‍ തുറന്നതോടെയാണ് തിരക്ക് കൂടിയത്. ഓട്ടോകളില്‍ സഞ്ചരിക്കുന്നവര്‍ പോലും അപ്പുറത്തെത്താന്‍ ഏറെ നേരമെടുക്കുന്നു. സാധാരണ ചരക്കുലോറികള്‍ ചന്ദ്രഗിരി റോഡ് വഴി ഓടാറില്ലാത്തതാണ്. അടുത്ത കാലത്താണ് ഇവ ദേശീയ പാതയെ ഒഴിവാക്കി തീരദേശ റോഡിലേക്ക് വന്നു തുടങ്ങിയത്. ഇതിനെതിരെ മോട്ടോര്‍ വാഹന വകുപ്പോ പോലിസോ നടപടികള്‍ സ്വീകരിക്കുന്നുമില്ല. ഇതിനിടെ നഗരത്തിലെ കെഎസ്ടിപി റോഡ് നിര്‍മാണം പാതിവഴിയില്‍. കാലവര്‍ഷം ആരംഭിച്ചതോടെ നഗരം ചെളിക്കുളമായി. നഗരത്തിലെ തണല്‍ മരങ്ങള്‍ മുഴുവന്‍ മുറിച്ചുകടത്തിയശേഷം റോഡ് കുഴിച്ചെടുക്കാതെ ടാര്‍ ചെയ്ത നടപടിയെ ജനങ്ങള്‍ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് പണിപൂര്‍ത്തിയാക്കാതെ നഗരം ചെളിവെള്ളത്തിലാക്കിയത്. റോഡ് മാത്രം ടാര്‍ ചെയ്ത് മറ്റ് ഭാഗം കുഴിച്ചെടുത്ത് ലവല്‍ ചെയ്ത് ടാര്‍ ചെയ്യേണ്ട പണിയാണ് നഗരത്തില്‍ ബാക്കിയുള്ളത്. ഇനി മഴമാറാതെ ഇതുചെയ്യാനും കഴിയാത്ത അവസ്ഥയാണ്. ഓവുചാലിന്റെ അവസ്ഥയും ഇതുതന്നെയാണ്. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ടിബി റോഡ് ജംഗ്ഷന്‍വരെയും വടക്കുഭാഗത്ത് നോര്‍ത്ത് കോട്ടച്ചേരി വരെയും കാലവര്‍ഷത്തിന് മുമ്പ് തന്നെ റോഡ് പണി ഏതാണ്ട് പൂര്‍ത്തിയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ മാത്രമാണ് റോഡ് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയിലായത്.
Next Story

RELATED STORIES

Share it