ചരക്കുലോറികളില്‍ കളവു നടത്തുന്ന രണ്ടംഗസംഘം പിടിയില്‍

അടൂര്‍: ചരക്കുലോറികളില്‍ നിന്നു പണം അപഹരിക്കുന്ന രണ്ടംഗ സംഘത്തെ ഏനാത്ത് പോലിസ് അറസ്റ്റ് ചെയ്തു. ചവറ ചെറുശ്ശേരി ഭാഗം പ്രഹഌദമന്ദിരം വീട്ടില്‍ നിന്നു തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിക്കര ടോള്‍മുക്ക് സമീര്‍ മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന തടിയന്‍ ബിനു എന്നു വിളിക്കുന്ന ബിനു (38), ചേര്‍ത്തല അരൂക്കുറ്റി മാത്താനം കളപ്രയില്‍ വിനീത് കുമാര്‍ (27) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ ആറ്റിങ്ങല്‍ കോരാണിയില്‍ നിന്ന് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശ പ്രകാരം ഏനാത്ത് എസ്‌ഐ ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ കമ്പത്തു നിന്നു തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പോയി തിരികെ മടങ്ങിയ ലോറി ഡ്രൈവര്‍ ഉറങ്ങുന്നതിനിടെ 75,000 രൂപ മോഷ്ടിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. മാരാരിക്കുളം, പുന്നപ്ര, ആലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ, കൊരട്ടി, ചാലക്കുടി, മല്ലപ്പള്ളി സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ സമാനരീതിയില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതികളാണിവരെന്നു പോലിസ് പറഞ്ഞു.
ഒന്നാം പ്രതിയായ ബിനുവിന്റെ വാനില്‍ കറങ്ങിയാണ് റോഡ് സൈഡില്‍ ഒതുക്കിയിട്ട് ഡ്രൈവര്‍മാര്‍ ഉറക്കുന്നതിനിടെ പണം അപഹരിക്കുന്നത്. 2016ല്‍ പുന്നപ്രയില്‍ ശര്‍ക്കരലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചു താഴെയിട്ട് തലയ്ക്കടിച്ച് 1.05 ലക്ഷം രൂപയും, മല്ലപ്പള്ളിയില്‍ കഴിഞ്ഞവര്‍ഷം മുട്ടലോറിയില്‍ നിന്നു മൂന്നുലക്ഷം രൂപ അപഹരിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പോലിസ് പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും ഇയാള്‍ക്ക് നിരവധി സ്വത്തുക്കള്‍ ഉള്ളതായും പോലിസ് പറഞ്ഞു.
മോഷണത്തിനായി കൊണ്ടുനടക്കുന്ന പിക്ക്അപ് വാനും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it