malappuram local

ചമ്രവട്ടം പുഴയോര സ്‌നേഹപാത പദ്ധതി: ഒന്നാം ഘട്ടം ആഗസ്തില്‍ നാടിന് സമര്‍പ്പിക്കും -കെ ടി ജലീല്‍

പൊന്നാനി: ചമ്രവട്ടം പുഴയോര സ്‌നേഹപാത പദ്ധതിയുടെ  ഒന്നാം ഘട്ടം പണി പൂര്‍ത്തീകരിച്ച് 2018 ഓഗസ്റ്റ് ഒന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുഴയോര സ്‌നേഹ പദ്ധതി പാര്‍ക്ക് ചമ്രവട്ടം ഇറിഗേഷന്‍ പദ്ധതി മന്ത്രിയുടെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയതാണ്.
അഞ്ചര ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പാര്‍ക്ക് മേഖലയിലെ വിനോദ സഞ്ചാരത്തെ  പ്രോല്‍സാഹിപ്പിക്കുന്ന മികച്ച പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ പാര്‍ക്കിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഒന്നും രണ്ടും ഘട്ടങ്ങളായി നടത്തുന്ന പുഴയോര സ്‌നേഹ പാത പദ്ധതി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മേല്‍ നോട്ടത്തിലാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. 1.36 കോടി രൂപയുടെതാണ് പദ്ധതി. ഊരാലുങ്കുല്‍ ലേബര്‍ കോണ്‍ട്രാക്‌ടേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് പണികള്‍ നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 100 മീറ്റര്‍ നീളത്തിലാണ് പ്രവര്‍ത്തികള്‍ നടത്തുക. പദ്ധതി പ്രദേശത്ത് തുക വിനിയോഗിച്ച് വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തും.
ഇതോടനുബന്ധിച്ച് മൂന്ന് കിയോസ്‌ക്കുകള്‍,ടോയ്‌ലെറ്റ് ബ്ലോക്ക്, വാക്ക്‌വേ, ഫെന്‍സിങ് എന്നിവ ഉണ്ടാകും. ഇതിനു പുറമെ വൈദ്യുതീകരണം, ഭൂമി നിരപ്പാക്കല്‍  തുടങ്ങിയവ നടത്തും. രണ്ടാം ഘട്ടം പദ്ധതിക്ക് വേണ്ടി 10 കോടി അനുവദിച്ചിട്ടുണ്ട്. തുക ഉപയോഗിച്ച് പാര്‍ക്കിന്റെ ഉള്‍പ്രദേശത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
തറ മോടി കൂട്ടല്‍, ബെഞ്ചുകള്‍ സ്ഥാപിക്കല്‍, ലാന്റ് സ്‌കേപ്പിങ്, ഡ്രൈയ്‌നേജ് പ്രവര്‍ത്തി തുടങ്ങിയവ നടത്തും. യോഗത്തില്‍ എഡിഎം വി രാമചന്ദ്രന്‍, ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം വി പി അനില്‍കുമാര്‍, ചമ്രവട്ടം പ്രൊജക്ട് ഇഇ പി പി അബ്ദുറഹിമാന്‍, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it