malappuram local

ചമ്രവട്ടം ജലസംഭരണിയിലെ ചോര്‍ച്ച : അടിയന്തര പരിഹാരത്തിന് ടെക്‌നിക്കല്‍ കമ്മിറ്റി യോഗം വിളിക്കാന്‍ തീരുമാനം



പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ റഗുലേറ്ററിനടിയിലൂടെയുള്ള ചോര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ അടുത്ത ദിവസം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം വിളിക്കുവാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജലവിഭവവകുപ്പ് മേധാവികള്‍ തീരുമാനിച്ചു. ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി ഐഐടി കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി നടത്തിയ പഠന റിപോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സാഹചര്യത്തിലാണിത്. പദ്ധതി പ്രദേശത്തെ മണ്ണിന്റെ ഘടനയ്ക്കനുസരിച്ചുള്ള ഷീറ്റ് പൈലിങ് നടത്താതെ പോയതാണ് ചോര്‍ച്ചയ്ക്ക് കാരണമായിട്ടുള്ളതെന്ന് ഡല്‍ഹി ഐഐടി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റഗുലേറ്റര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഭാരതപ്പുഴയില്‍ മുക്കാല്‍ ഭാഗം മേല്‍ത്തട്ടില്‍ മണലും അടിയിലേക്ക് കളിമണ്ണ് കലര്‍ന്നതുമായ മണ്ണുമാണുള്ളത്. മുമ്പ് മണലെടുത്ത് പോയ പ്രദേശമായതിനാല്‍ വളരെ ആഴത്തില്‍ ഷീറ്റ് പൈലിങ് നടത്തേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ ഏപ്രണുകള്‍ക്ക് താഴെ ഏഴ് മീറ്റര്‍ ആഴത്തില്‍ മാത്രമാണ് ഷീറ്റ് പൈലിങ് നടത്തിയിട്ടുള്ളത്. ഇത് മണ്ണിന്റെ ഘടനയ്ക്ക് അനുസരിച്ച രീതിയിലുള്ളതല്ലെന്നാണ് ഐഐടി പഠന റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.ചോര്‍ച്ചയ്ക്ക് പരിഹാരം കാണണമെങ്കില്‍ ഒരു കി.മീ നീളവും എഴുപത് ഷട്ടറുകളുമുള്ള ചമ്രവട്ടം റഗുലേറ്ററിന്റെ ഇപ്പോള്‍ നിലവിലുള്ള ഷീറ്റ് പൈലിങിന് സമാനമായി അതേ നീളത്തില്‍ പതിനൊന്ന് മീറ്റര്‍ ആഴത്തില്‍ ഷീറ്റ് പൈലിങ് നടത്തേണ്ടി വരും. എങ്കില്‍ മാത്രമേ ചോര്‍ച്ചയ്ക്ക് പൂര്‍ണ പരിഹാരമാകൂ എന്നാണ് ഐഐടി റിപോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ഷട്ടറിനടിയിലായി ആഴത്തിലിട്ട കൂറ്റന്‍ കല്ലുകള്‍ (ഏപ്രണുകള്‍) പലതും ഇളകിയിരിക്കുകയാണ്. ഇത് ഷീറ്റ് പൈലിംഗിനടിയിലൂടെയുള്ള ചോര്‍ച്ച കാരണം ഇടിഞ്ഞ് താഴ്ന്ന അവസ്ഥയിലാണ്. ഇവ പുനര്‍ നിര്‍മിക്കേണ്ടതായും വരും. കോടികളുടെ ചിലവാണ് ഷീറ്റ് പൈലിംഗിന് വേണ്ടി വരിക.പത്ത് കോടി രൂപ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ചോര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ വകയിരുത്തിയിട്ടുണ്ട്. പക്ഷെ ഈ തുക ഒന്നുമാകില്ല. വേണ്ടി വരികയാണെങ്കില്‍ കൂടുതല്‍ തുക അനുവദിക്കാമെന്ന് സര്‍ക്കാര്‍ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചമ്രവട്ടം പ്രോജക്ട് ടെക്‌നിക്കല്‍ കമ്മിറ്റി അടുത്തയാഴ്ച ചേര്‍ന്ന ശേഷം മാത്രമേ ഇത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടാവുകയുള്ളു. എന്തായാലും കാലവര്‍ഷം ആരംഭിക്കാനിരിക്കെ ചോര്‍ച്ചക്ക് പരിഹാരം കാണാനുള്ള പ്രവര്‍ത്തികളും ഈ വര്‍ഷവും നടക്കില്ല.
Next Story

RELATED STORIES

Share it