Alappuzha local

ചമ്പക്കുളം മൂലം വള്ളംകളി ജനപ്രതിനിധികള്‍ തഴഞ്ഞു

എടത്വ: കേരളത്തിലെ ഇക്കൊല്ലത്തെ ജലമേളകള്‍ക്കു തുടക്കമായി. ചമ്പക്കുളത്താറ്റില്‍ ഇന്നലെ നടന്ന മൂലം വള്ളംകളിയില്‍ നിന്ന് മന്ത്രിമാരുടെയും എംഎല്‍എയുയെയും അസാന്നിധ്യം ശ്രദ്ദേയമായി. നേരത്തെ വള്ളംകളിയുമായി ബന്ധപ്പെട്ട് മൂന്നു മന്ത്രിമാരെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇവരാരും തന്നെ ചടങ്ങിനെത്തിയില്ല.
ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുമെന്നേറ്റിരുന്ന എംഎല്‍എയും പതിവു തെറ്റിച്ചില്ല. ഇതോടെ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വള്ളംകളിയെ സര്‍ക്കാര്‍ തന്നെ തഴഞ്ഞെന്ന ആക്ഷേപം ഇന്നലെ ചമ്പക്കുളത്തെത്തിയ ജലോല്‍സവപ്രേമികള്‍ ഉന്നയിച്ചു. നേരത്തെ ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോല്‍സവം ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകര്‍ നോട്ടീസിലടക്കം അറിയിച്ചിരുന്നത്.
ഇദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ജലഘോഷ യാത്ര ഫഌഗ് ഓഫ് ചെയ്യാനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ജലമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീട് സാസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന ജലവിഭവ മന്ത്രി മാത്യു.ടി തോമസും ജലമേളയ്‌ക്കെത്തിയില്ല. ഇതിനു പിന്നാലെ വിജയികള്‍ക്കു സമ്മാനദാനം നിര്‍വഹിക്കേണ്ടിയിരുന്ന ഭക്ഷ്യ, സിവിലില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനും എത്താതിരുന്നതോടെ മന്ത്രിമാരുടെ അസാന്നിധ്യം പൂര്‍ണമായി. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ യാത്രയപ്പു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ ചടങ്ങിനെത്തില്ലെന്ന് സംഘാടകര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഏറെ പ്രതിസന്ധികളും, പരാധീനതകളുമുള്ള വള്ളം കളിക്ക് മന്ത്രിമാരില്‍ നിന്നും എന്തെങ്കിലും അനുകൂലപ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ചമ്പക്കുളത്തെ വള്ളംകളി പ്രേമികള്‍ക്ക് ഇതോടെ നിരാശരായി മടങ്ങേണ്ടിവന്നു.
Next Story

RELATED STORIES

Share it