ചബഹാര്‍ തുറമുഖ വികസനം: ഇന്ത്യയും ഇറാനും കരാറില്‍ ഒപ്പിട്ടു

തെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരനഗരമായ ചബഹാറിലെ തന്ത്രപ്രധാന തുറമുഖ വികസനം ഉള്‍പ്പെടെ 12ഓളം സുപ്രധാന കരാറുകളില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. ഇറാനിലെ തുറമുഖ നഗരമായ ചബഹാറിനെ അഫ്ഗാനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചബഹാര്‍-സഹേദന്‍-സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ചു പൂര്‍ത്തിയാക്കും.
ഇന്ത്യയുമായുള്ള ബന്ധത്തിന്റെ വലിയ അടയാളമായി ചബഹാര്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് തെഹ്‌റാനില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇന്ത്യയും ഇറാനും പുതിയ സുഹൃത്തുക്കളല്ലെന്നും നമ്മുടെ സൗഹൃദത്തിന് ചരിത്രത്തോളം പ്രാധാന്യമുണ്ടെന്നും നരേന്ദ്രമോദി വ്യക്തമാക്കി. വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമാവും ചബഹാര്‍. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്താനിലേക്കും മധ്യഏഷ്യയിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ചബഹാറിലെ കാര്‍ഗോ ബര്‍ത്തുകളും ടെര്‍മിനലുകളും വികസിപ്പിക്കുന്നതിനായി 200 ശതലക്ഷം ഡോളറാണ് ഇന്ത്യ വിനിയോഗിക്കുക. ചബഹാര്‍-സഹേദന്‍-സറന്‍ജ് ഇടനാഴിയുടെ ഭാഗമായി 500 കിലോമീറ്റര്‍ റെയില്‍വേ ലൈനും നിര്‍മിക്കും. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കാനും പദ്ധതിയുണ്ട്.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാന്‍. ഇതോടൊപ്പം ഗള്‍ഫ് ഭൂപടത്തില്‍ ഇറാന്റെ സ്ഥാനവും ഇന്ത്യയെ ആകര്‍ഷിക്കുന്നു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഞായറാഴ്ച വൈകീട്ടാണ് ഇറാനിലെത്തിയത്. ഇറാനു പിന്നാലെ അഫ്ഗാനും ഖത്തറും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it