ചന്ദ കൊച്ചാര്‍ ഊരാക്കുടുക്കില്‍

പ്രഫ. കെ  അരവിന്ദാക്ഷന്‍
ക്രോണി കാപ്പിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിലും ഇന്ത്യന്‍ ബാങ്കിങ്-ധനകാര്യ മേഖലകളെ സവിശേഷമായും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. എസ്ബിഐ കഴിഞ്ഞാല്‍ ഐസിഐസിഐ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. പഞ്ചാബ് നാഷനല്‍ ബാങ്കിനെ വായ്പാതട്ടിപ്പിന് ഇരയാക്കി നാടുവിട്ട നീരവ് മോദിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ്, ഐസിഐസിഐ ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിനെതിരേ വീഡിയോകോണ്‍ കമ്പനിക്കു വഴിവിട്ട് വായ്പ അനുവദിച്ചതിന്റെ പേരില്‍ നടപടികള്‍ക്കു തുടക്കമിടുന്നത്.
ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാരില്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരില്‍ ഒന്നാം സ്ഥാനക്കാരാണ് വീഡിയോകോണ്‍ എന്ന ബഹുദേശീയ കുത്തകക്കമ്പനി. ചന്ദ കൊച്ചാറിനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ ബാങ്കിന്റെ ചെയര്‍മാന്‍ എം കെ ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ ചന്ദ കൊച്ചാറിനെ സംരക്ഷിക്കുന്ന വിധത്തിലുള്ള പത്രക്കുറിപ്പാണ് നല്‍കിയത്. വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് അനുവദിച്ചത് 3250 കോടി രൂപ മാത്രമായിരുന്നെന്നും മൊത്തം ബാങ്ക് വായ്പാ ബാധ്യത 40,000 കോടി രൂപയോളമാണെന്നും ചൂണ്ടിക്കാട്ടി, കൊച്ചാറിന്റെ പങ്ക് നിസ്സാരവല്‍ക്കരിക്കാനും ബാങ്ക് ചെയര്‍മാന്‍ ശ്രമിച്ചിരുന്നു.
ചന്ദ കൊച്ചാറിനെതിരേ ഉയര്‍ന്ന ഏറ്റവും ഗുരുതരമായ ആരോപണം വീഡിയോകോണ്‍ ഗ്രൂപ്പിനു വന്‍ തുക വായ്പ അനുവദിച്ചു എന്നതു മാത്രമല്ല, ബാങ്ക് വായ്പാ തുക വളഞ്ഞ വഴികളിലൂടെയുള്ള മറ്റൊരു ഇടപാടിലൂടെ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയില്‍ നിക്ഷേപിച്ചു എന്നതുകൂടിയാണ്. സങ്കീര്‍ണവും, സുതാര്യത ലേശം പോലുമില്ലാത്ത തരികിട നിക്ഷേപ ഇടപാടിന്റേതായ എല്ലാ ലക്ഷണങ്ങളുമുണ്ട് ഇതിന്.
വീഡിയോകോണ്‍ ഗ്രൂപ്പിനു പുറമേ ജയപ്രകാശ് അസോസിയേറ്റ്‌സ്, ജയപ്രകാശ് വെഞ്ചേഴ്‌സ്, സുസ്‌ലോണ്‍, ജിടിഎന്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് എന്നിവയും വായ്പാ തിരിച്ചടവ് വീഴ്ച വരുത്തിയ കമ്പനികളുടെ പട്ടികയില്‍ പെടുന്നവയായുണ്ട്. ഇതില്‍ തന്നെ കുപ്രസിദ്ധി നേടിയ ജിടിഎന്‍ നേരത്തേ അറിയപ്പെട്ടിരുന്നത് ഗ്ലോബല്‍ ടെലി എന്ന പേരിലാണ്. ഈ സ്ഥാപനത്തിന്റെ പ്രമോട്ടറായ മനോജ് നിറോദ്കര്‍, 1999-2000 കാലഘട്ടത്തില്‍ വിപണിവെട്ടിപ്പ് ഇടപാടുകളില്‍ പ്രതിക്കൂട്ടിലായ കേതന്‍ പരേഖിന്റെ ഗ്ലോബല്‍ ടെലി സിസ്റ്റംസ് എന്ന സ്ഥാപനവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയുമാണ്.
ഈ ഇനത്തില്‍പ്പെടുന്ന നിരവധി കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയുടെ ഉദാരമായ വായ്പാ സഹായം കാലാകാലങ്ങളായി ലഭിച്ചുവരുന്നുമുണ്ട്. ഇവരെല്ലാം 'വില്‍ഫുള്‍ ഡിഫോള്‍ട്ടേഴ്‌സ്' എന്ന പട്ടികയില്‍ പെട്ടിരുന്നെങ്കിലും വായ്പാ സഹായം തുടര്‍ച്ചയായി കിട്ടുന്നതിന് ഇതൊരു പ്രശ്‌നമേ ആയിരുന്നില്ല.
അവിസ്റ്റ അഡൈ്വസറി എന്ന സ്ഥാപനം ഒരിക്കല്‍ പോലും ഐസിഐസിഐ ബാങ്കുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന ബാങ്ക് അധികൃതരുടെ വാദം വിചിത്രമാണ്. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിന്റെ സഹോദരന്‍, അവരുടെ ഒരു 'ബന്ധു' മാത്രമേ ആകുന്നുള്ളൂ. 'ബന്ധു'വെന്ന വാക്കിന് കമ്പനി നിയമത്തില്‍ നല്‍കുന്ന നിര്‍വചനത്തില്‍ ഈ വിധത്തിലുള്ള ബന്ധം ഉള്‍പ്പെടുന്നുമില്ല. ഈ കാരണത്താല്‍, സാങ്കേതികമായ അര്‍ഥത്തില്‍ ചന്ദ കൊച്ചാര്‍ ഭര്‍ത്തൃബന്ധത്തിന്റെ പേരില്‍ ആരെയും വഴിവിട്ടു സഹായിച്ചുവെന്ന് ആരോപിക്കുന്നത് ശരിയല്ലത്രേ!
ഈ വാദഗതിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് കുറ്റവിമുക്തയാവണമെന്നുണ്ടെങ്കില്‍, വായ്പ വാങ്ങിയവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്താതിരുന്നാല്‍ മതിയായിരുന്നു. എന്നാല്‍, നേരെ മറിച്ചാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മാത്രമല്ല, രാജീവ് കൊച്ചാര്‍ സ്ഥാപിച്ച അവിസ്റ്റ കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനിടയില്‍ മൂന്നു ബില്യണ്‍ രൂപ സമ്പാദ്യമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഈ രാജീവ് കൊച്ചാറിനെ ഏപ്രില്‍ 5നു സിംഗപ്പൂരിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ചോദ്യംചെയ്യലിനായി സിബിഐ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ദീപക് കൊച്ചാറിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന കമ്പനിയുടെ ഇടപാടുകളും അന്വേഷണവിധേയമാക്കപ്പെട്ടിരിക്കുകയാണ്. ഈ സ്ഥാപനം അടക്കമുള്ള കറക്കുകമ്പനികളുടെ വാല്വേഷന്‍ ചുമതല നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നത് ആഗോള പ്രശസ്തി നേടിയ പ്രൈസ് വാട്ടര്‍ ഹൗസ് എന്ന ഏജന്‍സിയിലുമാണ്.
വീഡിയോകോണ്‍-ഐസിഐസിഐ ബാങ്ക് ബന്ധത്തിനു ചുരുങ്ങിയത് രണ്ടു ദശകക്കാലത്തെ പഴക്കമുണ്ടത്രേ! ഈ കാലയളവിലെല്ലാം വിദേശ വായ്പകള്‍ വരെ വാങ്ങുന്നതിന് ഈ സ്ഥാപനത്തിനു ഗ്യാരന്ററായി നിന്നതും ബ്രിഡ്ജ് വായ്പ നല്‍കി സഹായിച്ചതും ഈ ബാങ്ക് തന്നെയായിരുന്നു. ഇത്തരമൊരു പ്രക്രിയയിലൂടെയാണ് വീഡിയോകോണിന്റെ വായ്പാ ബാധ്യത 40,000 കോടി രൂപയോളമായി കുതിച്ചുയര്‍ന്നത്. ഇത്തരം വഴിവിട്ട ഇടപാടുകള്‍ക്ക് താങ്ങും തണലുമായി നിലകൊണ്ടത് കമ്പനിക്കും ബാങ്കിനും ഉണ്ടായിരുന്ന രാഷ്ട്രീയ കൂട്ടുകെട്ടും പിന്തുണയുമായിരുന്നുവെന്നു വ്യക്തമാവുന്നുമുണ്ട്.
ഇന്ത്യയിലെ സാധാരണ ജനങ്ങളും സത്യസന്ധരായ നിക്ഷേപകരും സംരംഭകരുമാണ് ഇതിന്റെയെല്ലാം ഭാരം ചുമക്കേണ്ടിവന്നിരിക്കുന്നത്. ഇന്ത്യയില്‍ ശക്തിപ്രാപിച്ചിരിക്കുന്നത് ക്രോണി ക്യാപിറ്റലിസമാണ്. ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളുടെയും പ്രചാരകരുടെയും കൂട്ടത്തില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമേ, സമ്പന്നവിഭാഗത്തില്‍ പെടുന്നവര്‍ക്കു മാത്രം പ്രാപ്യമായ ഐഐടി, ഐഐഎം, ഓക്‌സ്ബ്രിഡ്ജ്, ഐവി ലീഗ് വിഭാഗങ്ങളും അവയെ പിന്തുണയ്ക്കുകയും സാമ്പത്തികമായി നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളും, 'ലാഭം പരിഗണിക്കാതെ'യുള്ള ബിസിനസ് ഇതര പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്തുവരുന്ന 'ധര്‍മിഷ്ഠര്‍' എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നവരും ഉള്‍പ്പെടുന്നു.
ഇന്ത്യക്കകത്ത് മാത്രമല്ല, രാജ്യത്തിനു പുറത്തും ഐവി ലീഗ് സര്‍വകലാശാലകള്‍ എന്ന പേരില്‍ അമേരിക്കയില്‍ തന്നെയും നിരവധി അക്കാദമിക് സ്ഥാപനങ്ങള്‍ ക്രോണി ക്യാപിറ്റലിസ്റ്റുകളുടെ നിയന്ത്രണത്തിനു കീഴിലുണ്ട്. ഇക്കൂട്ടരുടെയെല്ലാം സംഘടിത പരിശ്രമങ്ങളിലൂടെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള മല്‍സരാര്‍ഥികളെ പരമരഹസ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഒഴിവാക്കുകയാണ് സ്ഥിരമായി ചെയ്തുവരുന്നത്. ഈ കുതന്ത്രത്തിന്റെ ഭാഗമായാണ് യുപിഎ ഭരണകാലത്ത് അന്തരീക്ഷത്തില്‍ ക്രമേണ ഉയര്‍ന്നുകേട്ടിരുന്ന വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയിലേക്ക് സ്വാഗതമരുളാനുള്ള ഡിമാന്റ് മോദിഭരണം വന്നതോടെ പൂര്‍വാധികം ശക്തിപ്രാപിച്ചുതുടങ്ങിയിരിക്കുന്നത്.
അപ്പോള്‍ യഥാര്‍ഥ പ്രശ്‌നം ദേശീയതലത്തില്‍ ഒതുങ്ങുന്നില്ല. ഇതിന് ആഗോള സ്വഭാവവും മാനങ്ങളുമാണുള്ളത്. 2006-2013ല്‍ ജെ പി മോര്‍ഗന്‍ എന്ന പ്രമുഖ യുഎസ് ബാങ്കിങ് സ്ഥാപനം 'സണ്‍സ് ആന്റ് വോട്ടേഴ്‌സ്' എന്നൊരു പദ്ധതി ചൈനയില്‍ നടപ്പാക്കിവന്നിരുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി സ്വന്തം രാഷ്ട്രീയ സ്വാധീനം സ്ഥാപിച്ചെടുക്കുകയായിരുന്നു. ഇതിനു പ്രത്യുപകാരമായി സര്‍ക്കാര്‍ കരാറുകള്‍ വഴിവിട്ടു നേടിയെടുക്കാനും വിദേശ വിനിമയ നിയമങ്ങള്‍ ലംഘിച്ച് അവിഹിതമായി നേട്ടങ്ങള്‍ കൊയ്‌തെടുക്കാനും ബാങ്കിന് എളുപ്പമായിരുന്നു.
ഒടുവില്‍ ഈ വഴിവിട്ട ഇടപാടുകള്‍ അന്വേഷണവിധേയമാക്കപ്പെടുകയുണ്ടായി. അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റും ജെ പി മോര്‍ഗനെതിരേ നടപടിയെടുക്കുകയും 2016 നവംബറില്‍ 264 മില്യന്‍ ഡോളര്‍ പിഴയൊടുക്കിയതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. ഈ അമേരിക്കന്‍ ബാങ്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഈ വിധേന 250 പേരുടെ നിയമനത്തിലൂടെ 100 മില്യന്‍ ഡോളറിനുള്ള ബിസിനസ് നേടിയെടുത്തു.
വിദേശ സ്വകാര്യ മേഖലാ കണ്‍സള്‍ട്ടന്‍സികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്യൂറോക്രാറ്റുകള്‍ കോടിക്കണക്കിനു രൂപയ്ക്കുള്ള കരാറുകള്‍ നേടിയെടുത്തിട്ടുണ്ടെന്ന് 2018 ഫെബ്രുവരി 23ലെ കാരവന്‍ മാസിക റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധമായ വിശദവിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുമുണ്ടത്രേ. കെപിഎംജി എന്ന വിദേശ കണ്‍സള്‍ട്ടിങ് ഏജന്‍സി അവിഹിത രാഷ്ട്രീയ സ്വാധീനം ലക്ഷ്യമിട്ട് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് ആകര്‍ഷകമായ ഉദ്യോഗങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
ഉന്നതസ്ഥാനത്തുള്ള 100ല്‍പരം ബ്യൂറോക്രാറ്റുകളുടെ നിയമനം നല്‍കിയതിലൂടെ മൂന്നു ലക്ഷം കോടി രൂപയ്ക്കു തുല്യമായ സര്‍ക്കാര്‍ പ്രൊജക്റ്റുകളുടെ കണ്‍സള്‍ട്ടന്‍സി കരാറാണ് യുഎസ് സ്ഥാപനങ്ങള്‍ തട്ടിയെടുത്തിട്ടുള്ളതെന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കെപിഎംജി ഈ ആരോപണം നിഷേധിച്ചിട്ടുണ്ടെന്നത് സ്വാഭാവികമാണ്. എന്നാല്‍, ഇതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ യാതൊരുവിധ അന്വേഷണത്തിനും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.              ി



ി
Next Story

RELATED STORIES

Share it