wayanad local

ചന്ദ്രിക അത്താഴമൊരുക്കി കാത്തിരിക്കുന്നു;മുംബൈയില്‍ കാണാതായ മകനു വേണ്ടി



കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയില്‍ കാണാതായ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതികളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കരുവള്ളിക്കുന്ന് തണ്ടായം പറമ്പില്‍ ചന്ദ്രികയെന്ന വൃദ്ധ. പ്രദേശവാസിയായ ഷിജുവിനൊപ്പമാണ് ചന്ദ്രികയുടെ മകന്‍ ബിനു 2012ല്‍ മുംബൈയിലേക്ക് പോയത്. ഒരു തവണ നാട്ടിലേക്ക് വിളിച്ചു. പിന്നീട് ഒരു വിവരവുമില്ല. മുംബൈ കല്യാണ്‍ പേട്ട് പോലിസ് സ്‌റ്റേഷനിലുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും അനുകൂല മറുപടികളൊന്നും ലഭിച്ചിട്ടില്ലെന്നു ചന്ദ്രിക പറഞ്ഞു. ബിനുവിന്റെ മകന്‍ ശരതിന്റെ സംരക്ഷണയിലാണ് ചന്ദ്രികയിപ്പോള്‍. ബിനുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനിലും നോര്‍ക്കയിലും പരാതി നല്‍കിയിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ശരത് പറഞ്ഞു. ഭര്‍ത്താവ് ചന്ദ്രന്‍ മരിച്ചതോടെ ഏറെ ദുരിതങ്ങള്‍ സഹിച്ചാണ് ചന്ദ്രിക മകനെ വളര്‍ത്തിയത്. ബിനു ജോലിക്കു പോവാന്‍ തുടങ്ങിയതോടെ ചന്ദ്രികയുടെ ദുരിതങ്ങള്‍ക്ക് ശമനമായിത്തുടങ്ങി. ഇതിനിടെയായിരുന്നു ബിനുവിന്റെ വിവാഹം. എന്നാല്‍, ദുരന്തങ്ങള്‍ ചന്ദ്രികയെ വോട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ആത്മഹത്യ ചെയ്തതിനു ശേഷം 11 വര്‍ഷക്കാലം അമ്മയ്ക്കും മകനുമൊപ്പമായിരുന്നു ബിനു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് അയല്‍വാാസി ഷിജുവിനൊപ്പം മുംബൈയില്‍ ജോലിക്ക് പോയത്. അവിടുന്നിങ്ങോട്ട് മകനു വേണ്ടിയുള്ള ചന്ദ്രികയുടെ കാത്തിരിപ്പ് തുടരുകയാണ്. സഹോദരങ്ങളാണ് മുംബൈയിലെ കല്യാണ്‍പേട്ട് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എന്നാല്‍, പ്രതീക്ഷയ്ക്ക് വകയുള്ള ഒരു പ്രതികരണവും മുംബൈ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ചന്ദ്രിക തന്നെ പോലിസിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രവാസി കേരളീയ വകുപ്പും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഹാരാഷ്ട്ര ഡിജിപി, മുംബൈ നോണ്‍ റസിഡന്‍ഷ്യല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ എന്നിവരെയെല്ലാം വിവരമറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മകനു വേണ്ടിയുള്ള കാത്തിരിപ്പാണ് 61കാരിയായ ചന്ദ്രികയുടെ ഓരോ ദിനവും. പ്രായത്തിന്റെ അവശതകള്‍ ശരീരത്തെ തളര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. കാഴ്ചശക്തിയും പരിമിതമാണ്. 'മരിക്കുന്നതിന് മുമ്പ് മകന്‍ തന്നെ കാണാനെത്തും. താനൊരുക്കി വച്ച അത്താഴത്തിനായി ഒരു ദിവസം വാതിലില്‍ മുട്ടും' -വിതുമ്പലോടെ ചന്ദ്രിക പറയുന്നു.
Next Story

RELATED STORIES

Share it