Flash News

ചന്ദ്രശേഖര കമ്പാര്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍; മാധവ് കൗശിക് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി മറാത്തി നോവലിസ്റ്റ് പ്രഫ. ചന്ദ്രശേഖര കമ്പാറും ഉപാധ്യക്ഷനായി ഹിന്ദി കവി മാധവ് കൗശികും തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമിയുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സംഘപരിവാര പിന്തുണയോടെ മല്‍സരിച്ചവരെ പരാജയപ്പെടുത്തിയാണ് ഇരുവരുടെയും ജയം. ഒഡീഷ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാരജേത്രിയുമായ പ്രതിഭാ റായിയെ മുന്നില്‍നിര്‍ത്തി അക്കാദമിയില്‍ ചുവടുറപ്പിക്കാനായിരുന്നു സംഘപരിവാര ശ്രമം. 29നെതിരേ 56 വോട്ടിനാണ് ജ്ഞാനപീഠം ജേതാവും കന്നഡ എഴുത്തുകാരനുമായ കര്‍ണാടക സ്വദേശി കമ്പാര്‍ വിജയിച്ചത്. കമ്പാറും മറാത്തി എഴുത്തുകാരന്‍ ബാല്‍ചന്ദ്ര നെമാഡെയുമായിരുന്നു പ്രതിഭയ്‌ക്കെതിരായ സ്ഥാനാര്‍ഥികള്‍. ബാല്‍ചന്ദ്രയ്ക്ക് നാലു വോട്ട് ലഭിച്ചു. ഒരു ദശാബ്ദക്കാലമായി അക്കാദമിയുടെ നിര്‍വാഹക സമിതിയിലുള്ള കമ്പാര്‍, 2013 മുതല്‍ അക്കാദമി ഉപാധ്യക്ഷനുമാണ്.നിര്‍വാഹക സമിതിയിലെ മലയാള ഭാഷാ പ്രതിനിധിയായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവര്‍മ തിരഞ്ഞെടുക്കപ്പെട്ടു. നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ നേരത്തേ തന്നെ അംഗമാണ്. കേന്ദ്ര ഭരണത്തില്‍ അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് കവി കെ സച്ചിദാനന്ദന്‍ കഴിഞ്ഞവര്‍ഷം അക്കാദമി അംഗത്വം രാജിവച്ചിരുന്നു.  നാഷനല്‍ ബുക്ക് ട്രസ്റ്റ്, ലളിതകലാ അക്കാദമി, ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം തുടങ്ങിയവയ്ക്കു പിന്നാലെയാണ് കേന്ദ്ര സാഹിത്യ അക്കാദമിയിലും പിടിമുറുക്കാന്‍ സംഘപരിവാരം ശ്രമം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പ് പതിവിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it