ചന്ദ്രശേഖര്‍ റാവു ഇന്നു മമതയുമായി കൂടിക്കാഴ്ച നടത്തും

ഹൈദരാബാദ്: ബിജെപി-കോണ്‍ഗ്രസ് ഇതര ബദലിനു ശ്രമിക്കുന്ന തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. കൊല്‍ക്കത്തയിലാണു കൂടിക്കാഴ്ച ഒരുക്കിയിട്ടുള്ളത്.
രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റത്തിന് ആഹ്വാനം ചെയ്ത ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ്-ബിജെപി ഇതര മുന്നണി രൂപീകരിക്കണമെന്നു പറഞ്ഞിരുന്നു. അത്തരം മുന്നണിയുടെ നേതൃത്വമേറ്റെടുക്കാന്‍ താനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് റാവു, മമതയെ കാണുന്നതെന്നു തെലങ്കാനാ മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ പറഞ്ഞു.  ഇന്ന് വൈകീട്ടാണ് കൂടിക്കാഴ്ച. ഈ മാസം നാലിന് റാവുവുമായി മമത ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഭരണത്തില്‍ ഗുണപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ദേശീയ രാഷ്ട്രീയത്തില്‍ പങ്കാളിയാവാന്‍ തനിക്ക് താല്‍പര്യമാണെന്ന റാവുവിന്റെ പ്രസ്താവനയ്ക്കു മമത പിന്തുണ നല്‍കിയിട്ടുണ്ട്.
കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സും ബിജെപിയും രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നു റാവു കുറ്റപ്പെടുത്തിയിരുന്നു. സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായും നേതാക്കളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it