ചന്ദ്രശേഖര്‍ ആസാദിന് ഐക്യദാര്‍ഢ്യവുമായി പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ഈയിടെ ജയില്‍മോചിതനായ ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദ് രാവണിനെ ദേശീയ എക്‌സിക്യൂട്ടീവ് സമിതിയംഗവും നോര്‍ത്ത് സോണ്‍ പ്രസിഡന്റുമായ എ എസ് ഇസ്മായീലിന്റെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.
ദേശസുരക്ഷാ നിയമം ചുമത്തി യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തടവിലടച്ച ആസാദ് മാസങ്ങളോളം തടവില്‍ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ദിവസം മോചിതനായത്.
ദലിത് അവകാശങ്ങള്‍ക്കു വേണ്ടിയും ഭരണകൂട ഭീകരതയ്‌ക്കെതിരായും തുടരുന്ന പോരാട്ടത്തിന് ആസാദിനെ സംഘം അഭിനന്ദിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തന്നെ തടവിലാക്കിയതിനെതിരേ വിപുലമായ കാംപയിന്‍ സംഘടിപ്പിച്ച പോപുലര്‍ ഫ്രണ്ടിനോട് ആസാദ് നന്ദി പ്രകടിപ്പിച്ചു.
വര്‍ഗീയ-ജാതീയ ശക്തികളെ പരാജയപ്പെടുത്തി അധികാരം അധികം വൈകാതെ മര്‍ദിത സമൂഹത്തിന് കൈമാറുന്നതില്‍ ഭീം ആര്‍മി സഹോദരങ്ങള്‍ നേരിട്ട പീഡനങ്ങള്‍ ഉപകരിക്കുമെന്ന് എ എസ് ഇസ്മായീല്‍ പറഞ്ഞു. യുപി സഹാറന്‍പൂര്‍ ജില്ലയില്‍ ആസാദിന്റെ സ്വദേശമായ ചുട്ട്മാല്‍പുരിലെ വസതിയിലെത്തിയ സംഘത്തില്‍ സോണല്‍ സെക്രട്ടറി അനീസ് അന്‍സാരി, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ശാദാബ്, മറ്റു സംസ്ഥാന നേതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it