ചന്ദ്രശേഖര്‍ ആസാദിന്റെ മോചനം: ആഗോളതലത്തില്‍ പ്രചാരണം നടത്തണമെന്ന് ആംനസ്റ്റി

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷമായി ദേശീയ സുരക്ഷാ നിയമപ്രകാരം ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ മോചനത്തിനായി ആഗോളതലത്തില്‍ പ്രചാരണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. ചന്ദ്രശേഖര്‍ ആസാദിനെയും ഭീം ആര്‍മിയെയും സമാധാനപരമായി സമരം ചെയ്യുന്ന മറ്റു ദലിത് നേതാക്കളെയും പിന്തുണയ്ക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യാ ചാപ്റ്ററാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമൂഹികപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 28ന് ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള ഇന്ത്യന്‍ എംബസികള്‍ക്ക് പുറത്ത് ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ വിവിധ രാജ്യങ്ങളിലുള്ള മനുഷ്യാവകാശ, ജനാധിപത്യ, പൗരാവകാശ സംഘടനകള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നത്. ഇന്ത്യന്‍ ഭരണകൂടം രാജ്യത്തെ പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ അധികൃതരെ ഓര്‍മപ്പെടുത്താന്‍ നിങ്ങളുടെ ഇത്തരം പിന്തുണയ്ക്ക് സാധിക്കുമെന്നും ആംനസ്റ്റി പുറത്തിറക്കിയ കത്തില്‍ പറയുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിനെതിരേ വിദ്യാഭ്യാസമാര്‍ഗത്തിലൂടെ പോരാടുകയാണ് ഭീം ആര്‍മിയും ചന്ദ്രശേഖര്‍ ആസാദും ചെയ്യുന്നത്. എന്നാല്‍, ഭീം ആര്‍മി എന്താണു പറയുന്നതെന്നു കേള്‍ക്കാന്‍ തയ്യാറാവാതെ അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും മര്‍ദിക്കുകയുമാണ് അധികൃതര്‍ ചെയ്യുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it