Districts

ചന്ദ്രബോസ് വധക്കേസ് വിചാരണ; ഒമ്പതാംസാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഒമ്പതാംസാക്ഷിയും ശോഭാ സിറ്റിയിലെ ഫഌറ്റില്‍ താമസക്കാരനുമായ പ്രിന്‍സ് എബ്രഹാമിന്റെ ക്രോസ്‌വിസ്താരം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. നാളെ പ്രതി മുഹമ്മദ് നിഷാമിന്റെ ഭാര്യ അമലിന്റെ പ്രോസിക്യൂഷന്‍ വിസ്താരം നടക്കും.
കൊലപാതക ദിവസം നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് പ്രിന്‍സ് നല്‍കിയ മൊഴി അടിസ്ഥാനമാക്കിയായിരുന്നു പ്രതിഭാഗം ക്രോസ്‌വിസ്താരം നടത്തിയത്. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ച് നിഷാം ചന്ദ്രബോസിന്റെ തലയില്‍ ചവിട്ടിയെന്നതും ഈ പട്ടി മരിക്കില്ലെന്നു പറഞ്ഞെന്നതും കളവായിരുന്നില്ലേയെന്ന ചോദ്യത്തിന് താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നായിരുന്നു പ്രിന്‍സിന്റെ മറുപടി. റസിഡന്റ്‌സ് അസോസിയേഷന്റെയും ശോഭ മാനേജ്‌മെന്റിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായിട്ടാണ് പ്രിന്‍സും മറ്റു സാക്ഷികളായ രാഗേഷും തോമസും കോടതിയില്‍ മൊഴിനല്‍കിയിട്ടുള്ളതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. തനിക്ക് നിഷാമിനോടും കുടുംബത്തോടും ഒരു വൈരാഗ്യവുമില്ല. അതിനാല്‍ തന്നെ ഇങ്ങനെയൊരു കഥ കെട്ടിച്ചമയ്‌ക്കേണ്ട ആവശ്യം തനിക്കില്ലെന്നായിരുന്നു പ്രിന്‍സിന്റെ മറുപടി.
കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മൊഴിയാണ് കോടതിയില്‍ നല്‍കിയതെന്ന് പ്രതിഭാഗം പറഞ്ഞപ്പോള്‍ അറിയാവുന്ന കാര്യങ്ങളാണു പറഞ്ഞതെന്ന് പ്രിന്‍സ് എബ്രഹാം വ്യക്തമാക്കി. പാര്‍ക്കിങ് ഏരിയയില്‍ വന്നപ്പോള്‍ കണ്ടെന്നു പറഞ്ഞതും കേട്ടെന്നു പറഞ്ഞതുമായ കാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞത് ശോഭ സിറ്റിയുടെ മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നില്ലെയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നു സാക്ഷി മറുപടി നല്‍കി. സാക്ഷിയെ കുഴക്കുന്ന വിധത്തിലും പ്രകോപനപരമായുമാണ് പലപ്പോഴും ക്രോസ്‌വിസ്താരം നടന്നത്. ഒറ്റവാക്കില്‍ ഉത്തരം പറയുന്നതിനു പകരം വിശദീകരണം നല്‍കാന്‍ സാക്ഷി ശ്രമിച്ചതും ശ്രദ്ധേയമായി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനുവും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി രാമന്‍പിള്ളയും ഹാജരായി.
Next Story

RELATED STORIES

Share it