ചന്ദ്രബോസ് വധം: മരണകാരണം ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കെന്ന് ഫോറന്‍സിക് വിദഗ്ധന്‍

തൃശൂര്‍: നിസാമിന്റെ കാറിടിച്ചതു മൂലം ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണത്തിനു കാരണമായതെന്ന് ഫോറന്‍സിക് വിദഗ്ധന്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മൊഴിനല്‍കി. ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഇഗ്‌നേഷ്യസിനെ വിസ്തരിക്കുമ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കൂടി പരാമര്‍ശിച്ച് മൊഴി നല്‍കിയത്.
ഹമ്മര്‍ കാര്‍ ഇടിച്ചതുകൊണ്ടാണ് പരിക്കുപറ്റിയതെന്നും ഡോക്ടര്‍ പറഞ്ഞു. നെഞ്ചിലേറ്റ ആഘാതം മാത്രം മതി മരണം സംഭവിക്കാന്‍. നെഞ്ചിനകത്തു വലതുഭാഗത്തും ഇടതുഭാഗത്തും മുന്‍ഭാഗത്തും വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികില്‍സാര്‍ഥം നെഞ്ചില്‍ അമര്‍ത്തിയാല്‍ വാരിയെല്ലുകള്‍ ഒടിയാനിടയില്ലെന്ന് ക്രോസ്‌വിസ്താരത്തില്‍ ഡോ. ഇഗ്‌നേഷ്യസ് പറഞ്ഞു.
ഹമ്മര്‍ കാറിന്റെ ഇടി ആന്തരികാവയവങ്ങളുടെ പരിക്കിനു കാരണമാവുന്നത് അതിന്റെ ഭാരക്കൂടുതല്‍ കൊണ്ടാണ്. സാധാരണ വാഹനാപകടത്തിലുണ്ടാവുന്നതുപോലെയല്ല ഇവിടെ പരിക്കുകള്‍. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കുന്നതിനായി ഹമ്മര്‍ കാര്‍ പരിശോധിച്ചു. പ്രതി മുഹമ്മദ് നിസാമിന്റെ അടിയേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റ ഒന്നാംസാക്ഷി അനൂപിനെ ചികില്‍സിച്ച ജില്ലാ ആശുപത്രിയിലെ ഡോ. അനീറ്റയുടെയും പുഴയ്ക്കല്‍ വില്ലേജ് ഓഫിസര്‍ സബിതയുടെയും ക്രോസ്‌വിസ്താരം ഇന്നു നടക്കും. സാക്ഷികളായ പ്രതിയുടെ ലൈസന്‍സ് തയ്യാറാക്കിയ ജോ. ആര്‍ടിഒ കെ ടി മോഹനന്‍, ഫോട്ടോഗ്രാഫര്‍മാരായ സാബു, വര്‍ഗീസ് എന്നിവരെയും ഇന്നു വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു, ടി എസ് രാജന്‍, സലില്‍ നാരായണന്‍, സി എസ് ഋത്വിക് എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി രാമന്‍പിള്ള, മുഹമ്മദ്, സുജേഷ് മേനോന്‍, ബൈജു എ ജോസഫ് എന്നിവരും ഹാജരായി.
Next Story

RELATED STORIES

Share it