ചന്ദ്രബോസ് വധം: പ്രതിഭാഗം സാക്ഷിപ്പട്ടിക സമര്‍പ്പിച്ചു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ സാക്ഷിയാക്കി പ്രതിഭാഗത്തിന്റെ സാക്ഷിപ്പട്ടിക. 12 മാധ്യമ പ്രവര്‍ത്തകരും ചികില്‍സിച്ചതെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍, വാഹനം പരിശോധിച്ച സാങ്കേതിക വിദഗ്ധരുമുള്‍പ്പെടെ 25 പേരടങ്ങുന്നതാണ് ബുധനാഴ്ച നിസാം കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിപ്പട്ടിക. കേരളത്തിനു പുറത്തുള്ള രണ്ട് ഡോക്ടര്‍മാരെയും പ്രതിഭാഗം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് നിസാമിനെതിരേ കേസിന്റെ തുടക്കം മുതല്‍ തന്നെ മാധ്യമ കൂട്ടുകെട്ട് ഉയര്‍ന്നിരുന്നുവെന്നു സ്ഥാപിക്കാനാണ് മാധ്യമങ്ങളെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള ഇപ്പോഴത്തെ ശ്രമം. സാക്ഷിപ്പട്ടിക സംബന്ധിച്ച പ്രോസിക്യൂഷന്റെ ആക്ഷേപം വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോഴാണ് പ്രതിഭാഗം സാക്ഷികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാവുക. മാതൃഭൂമി, മനോരമ, ദേശാഭിമാനി എന്നീ പത്രങ്ങളിലെ എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ്, റിപോര്‍ട്ടര്‍ എന്നിവരെയാണ് സാക്ഷികളാക്കിയിരിക്കുന്നത്. നിസാം ഉന്‍മാദ-വിഷാദ രോഗിയാണെന്നു സ്ഥാപിക്കാനുള്ള സാക്ഷികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രോഗത്തിനു നിസാമിനെ ചികില്‍സിക്കുന്ന പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ഡോ. പി എം സെയ്തുമുഹമ്മദ് 18ാമത്തെ സാക്ഷിയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസറും സാക്ഷിപ്പട്ടികയില്‍ ഉണ്ട്. ഹമ്മര്‍ കാറിന്റെയും ടയറിന്റെയും പ്രത്യേകതകള്‍ വിവരിക്കാന്‍ സാധിക്കുന്നവരും പട്ടികയിലുണ്ട്. ഐജി, സിഐ, എസ്‌ഐ, എന്നിവരും സാക്ഷിപ്പട്ടികയില്‍ ഉണ്ട്. കൂടാതെ സംഭവസ്ഥലത്തെ ഫോട്ടോകളുടെയും മറ്റും സിഡി തയ്യാറാക്കിയ ഫോട്ടോഗ്രാഫറെയും ഇതില്‍ പേരുചേര്‍ത്തിട്ടുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷിയും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനുമായ പേരമംഗലം സിഐയും പ്രതിഭാഗം സാക്ഷിപ്പട്ടികയിലുണ്ട്.
25 സാക്ഷികളെ ഉള്‍പ്പെടുത്തി പ്രതിഭാഗം നല്‍കിയ പട്ടിക കോടതി അംഗീകരിച്ചാല്‍ കേസിന്റെ വിചാരണ നീളും. പ്രോസിക്യൂഷന്‍ ഭാഗത്തെ 22 സാക്ഷികളെ വിസ്തരിക്കാന്‍ 31 ദിവസമാണ് വേണ്ടിവന്നത്. ഈ കണക്കില്‍ 26ഓളം സാക്ഷികളെ വിസ്തരിക്കാന്‍ ഇതേ സമയമെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കേസില്‍ ഈ മാസം തന്നെ വിധി പറയാനായിരുന്നു കോടതി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതു വൈകാനാണു സാധ്യത.
Next Story

RELATED STORIES

Share it