ചന്ദ്രബോസ് വധം: നിസാം കുറ്റക്കാരന്‍; ശിക്ഷ ഇന്ന്

പി എച്ച് അഫ്‌സല്‍

തൃശൂര്‍: ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തി. കൊലപാതകം ഉള്‍പ്പെടെയുള്ള ഒമ്പതു കുറ്റങ്ങളും തെളിഞ്ഞു. ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ പി സുധീറാണു വിധിപറഞ്ഞത്. ശിക്ഷ ഇന്നു പ്രഖ്യാപിക്കും.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതിക്കു വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനു വാദിച്ചു. ഇതിനു സഹായകമായി സാക്ഷിമൊഴികളെ തെളിവായി സ്വീകരിക്കണമെന്ന സുപ്രിംകോടതിയുടെ 12ഓളം വിധിപ്പകര്‍പ്പുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത പ്രതിഭാഗം, സംഭവം അപൂര്‍വമായി കണക്കാക്കാനാവില്ലെന്നു വാദിച്ചു.
ചന്ദ്രബോസിന്റെ കുടുംബത്തിന് പ്രതി അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. താന്‍ വിവാഹിതനാണെന്നും നിരവധി കുടുംബങ്ങള്‍ തന്നെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നും വെറുതെവിടണമെന്നും നിസാം ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസ് ഇന്നുച്ചയ്ക്ക് പരിഗണിക്കുമെന്നറിയിച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.
2015 ജനുവരി 29ന് പുലര്‍ച്ചെയാണു ചന്ദ്രബോസിനെ നിസാം ആഡംബര കാറിടിപ്പിച്ചു പരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു. പേരാമംഗലം സിഐ പി സി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Next Story

RELATED STORIES

Share it