ചന്ദ്രബോസിന്റെ ഭാര്യക്ക് ജോലി: സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പായില്ല

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് ജോലി നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ആറുമാസം പിന്നിട്ടിട്ടും നടപ്പായില്ല. സംഭവം നടന്ന ഉടനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ചു ജോലി നല്‍കുമെന്നു വാഗ്ദാനം നല്‍കിയത്.
വീടിനടുത്തുള്ള മണലൂരിലെ കെഎസ്എഫ്ഇ ഓഫിസില്‍ ജോലി നല്‍കുമെന്ന് അനൗദ്യോഗികമായി വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഓഫിസില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് ഔഷധിയില്‍ എല്‍ ഡി ടൈപിസ്റ്റായിനിയമിക്കുമെന്ന് അറിയിച്ചിരുന്നു. ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ജമന്തിയുടെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു രണ്ടാമത്തെ പ്രഖ്യാപനം. ഔഷധി ഡയറക്ട് ബോര്‍ഡ് യോഗം കഴിഞ്ഞ സപ്തംബറില്‍ തിരക്കിട്ട് വിളിച്ചുകൂട്ടി ഒരിക്കല്‍ കൂടി ഇക്കാര്യം പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തു. എന്നിട്ടും ഒന്നും സംഭവിക്കാത്തതിനെ തുടര്‍ന്ന് നവംബര്‍ 30ന് കുന്നംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി നിയമസഭയില്‍ ഈ വിഷയം സബ്മിഷനായി ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രണ്ടാം വാഗ്ദാനം. ഔഷധിയിലെ തൃശൂര്‍ ജില്ലാ ഓഫിസില്‍ ജോലി നല്‍കുമെന്നായിരുന്നു ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം.
ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ തൃശൂര്‍ കോടതിയില്‍ അവസാനഘട്ടത്തിലാണ്. എന്നിട്ടും ജമന്തിക്ക് ജോലി നല്‍കാനുള്ള പ്രാഥമിക നടപടികള്‍ പോലും ഔഷധി ആരംഭിച്ചിട്ടില്ലെന്നതാണു സത്യം. അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ചന്ദ്രബോസ്. സെക്യൂരിറ്റി പണിയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഇവരുടെ ജീവിതം. ഈ ദയനീയാവസ്ഥ ബോധ്യമായതിനാലാണ് ജോലി വാഗ്ദാനം സര്‍ക്കാര്‍ ഭാഗത്തു നിന്നുമുണ്ടായത്. എന്നാല്‍ ഇനിയും ജോലിയെന്ന വാഗ്ദാനം നടപ്പായിട്ടില്ല. സാറാ ജോസഫ് ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.
ചന്ദ്രബോസിന്റെ അമ്മ അംബുജവും മറ്റു ബന്ധുക്കളും സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പ്ലസ്ടുവിനും ഡിഗ്രിക്കും പഠിക്കുന്ന രണ്ടു മക്കളാണ് ചന്ദ്രബോസിനുള്ളത്. അമ്മയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയാലല്ലാതെ ഈ ചെറിയ കുടുംബത്തിന് മുന്നോട്ടു പോവാനാവില്ല.
മുഖ്യമന്ത്രിയും ഔഷധി ചെയര്‍മാനും വാഗ്ദാനം നിറവേറ്റണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇവരുമായി അടുത്ത ബന്ധമുള്ളവര്‍.
Next Story

RELATED STORIES

Share it