ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു നിരവധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും ബിജെപിയുടെ സഖ്യകക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിനു പിന്തുണ സ്വരൂപിക്കുന്നതിനു വേണ്ടിയായിരുന്നു കൂടിക്കാഴ്ച.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന കൂടിക്കാഴ്ചകളില്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി, എന്‍സിപി നേതാവ് ശരത് പവാര്‍, ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ പങ്കെടുത്തു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി, എന്‍ഡിഎ വിട്ടിരുന്നു. അതിനു ശേഷം ആദ്യമായാണ് നായിഡു ഡല്‍ഹിയിലെത്തിയത്. ഫാറൂഖ് അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍ കോണ്‍ഗ്രസ്), ഡി രാജ (സിപിഐ), വി മൈത്രേയന്‍ (അണ്ണാ ഡിഎംകെ), അനുപ്രിയ പട്ടേല്‍ (അപ്‌നദള്‍), രാംഗോപാല്‍ യാദവ് (എസ്പി) തുടങ്ങിയവരുമായും നായിഡു ചര്‍ച്ച നടത്തിയെന്നു മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം അറിയിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന അനീതിക്കെതിരേ ശബ്ദിക്കാന്‍ പ്രാദേശിക കക്ഷികള്‍ ടിഡിപിയോടൊപ്പം കൈകോര്‍ക്കണമെന്നു കൂടിക്കാഴ്ചകള്‍ക്കു ശേഷം നായിഡു പറഞ്ഞു.
Next Story

RELATED STORIES

Share it