kasaragod local

ചന്ദ്രഗിരിപ്പുഴ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു



കാസര്‍കോട്: പുഴ സംരക്ഷണത്തിന് സാംസ്‌കാരിക സംഘടനകളും സര്‍ക്കാര്‍ തലത്തിലും പരിപാടികള്‍ തകൃതിയായി നടക്കുമ്പോഴും പുഴ മലിനമാക്കുന്നത് തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ ചന്ദ്രഗിരി പുഴയില്‍ തള്ളുന്നത് ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നില്‍ ഇടപെട്ടു തടയുകയായിരുന്നു. കരാറുകാരനെതിരെ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ പാലത്തിന്റെ ഒരു കരയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പുഴ സംരക്ഷണ സെമിനാറും പ്രതിജ്ഞയും എടുത്തത്. രാജസ്ഥാനിലെ എട്ടുനദികളെ പുനരുജ്ജീവിപ്പിച്ച പ്രമുഖ നദി സംരക്ഷകന്‍ ഡോ. രാജേന്ദ്രസിങ് ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. നൂറുകണക്കിന് ആളുകളാണ് അന്ന് പ്രതിജ്ഞ ചൊല്ലിയത്. എന്നാല്‍ ഇതിന് സമീപമുള്ള പാലത്തില്‍ നിന്നും കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ പുഴയില്‍ തള്ളുകയായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്.എന്നാല്‍ കാസര്‍കോട് നഗരസഭ പുഴമലിനപ്പെടുത്തുന്നവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അനധികൃത കടവുകളില്‍ നിന്നും മണല്‍ കൊള്ള നടത്തുന്ന മാഫിയകളില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്ത് തകര്‍ത്ത തോണികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും പുഴയില്‍ കുന്നുകൂടിക്കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇതിന് മുകളില്‍ അടിഞ്ഞുകൂടി പുഴ മലിനമാകുകയാണ്. ഹോട്ടല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക്വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരിസരവാസികളുടെയും ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഇടക്കാലത്ത് പുഴയിലെ മാലിന്യ നിക്ഷേപം കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ജില്ലയിലെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും കാസര്‍കോട് നഗരസഭ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് പുഴ മലിനമാകാന്‍ കാരണമെന്നാണ് പുഴയോരത്ത് താമസിക്കുന്നവര്‍ പറയുന്നത്.
Next Story

RELATED STORIES

Share it