Flash News

ചന്ദന്‍ മിത്രയും നാല് കോണ്‍ഗ്രസ് എംഎല്‍എമാരും തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബിജെപിയുടെ മുന്‍ രാജ്യസഭാ എംപി ചന്ദന്‍ മിത്രയും പശ്ചിമബംഗാളിലെ നാലു കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു സിപിഎം എംപിയും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ ശനിയാഴ്ച സംഘടിപ്പിച്ച പാര്‍ട്ടിയുടെ വാര്‍ഷിക രക്തസാക്ഷി റാലിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടിപ്രവേശം. സമര്‍ മുഖര്‍ജി, അബൂതാഹിര്‍, സബിന യാസ്മിന്‍, അഖ്‌റുസ്മാന്‍ എന്നീ കോണ്‍ഗ്രസ് എഎല്‍എമാരാണ് തൃണമൂലില്‍ ചേര്‍ന്നത്. സിപിഐ (എം) എംപി മൊയിനുല്‍ ഹസ്സനാണ് പാര്‍ട്ടി വിട്ട് തൃണമൂലിലെത്തിയത്.
മിത്ര ഏതാനും ദിവസം മുമ്പ് ബിജെപിയില്‍ നിന്നു രാജിവച്ചിരുന്നു. ബിജെപി നേതൃത്വത്തില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നും നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് ചന്ദന്‍ മിത്ര.
എന്നാല്‍ അമിത് ഷാ രാജി സ്വീകരിച്ചതായി സ്ഥിരീകരണമുണ്ടായിരുന്നില്ല. മധ്യപ്രദേശില്‍ നിന്ന് 2003ലും 2010ലും രാജ്യസഭാ എംപിയായ ചന്ദന്‍ മിത്ര 2016ല്‍ ഹൂഗ്ലിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ദി പയനിയര്‍ പത്രത്തിന്റെ മാനേജിങ് എഡിറ്ററാണ് ചന്ദന്‍ മിത്ര. അതേസമയം മിത്രയുടെ രാജി പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഇതിനോട് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പ്രതികരിച്ചത്.
അതേസമയം കോണ്‍ഗ്രസ്സില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് എംഎല്‍എമാര്‍ തൃണമൂലിലെത്തിയത് ഏറെ അസ്വസ്ഥതയോടെയാണ് പാര്‍ട്ടി കാണുന്നത്. കോണ്‍ഗ്രസ് പ്രതിനിധികളെ മോഷ്ടിക്കുന്നതു വഴി പാര്‍ട്ടിയെ സംസ്ഥാനത്ത് ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് തൃണമൂല്‍ സ്വീകരിക്കുന്നതെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അഥീര്‍ ചൗധരി ഇതിനോട് പ്രതികരിച്ചത്. 1993ലെ കൊല്‍ക്കത്ത വെടിവയ്പിന്റെ സ്മരണാര്‍ഥം സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനത്തിലാണ് ഇവര്‍ തൃണമൂലില്‍ ചേര്‍ത്തത്.
Next Story

RELATED STORIES

Share it