malappuram local

ചന്തപ്പടിയിലെ കലുങ്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി; ഗതാഗതം പുനരാരംഭിച്ചു

പൊന്നാനി: പൊന്നാനി ചന്തപ്പടിയിലെ കലുങ്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. റോഡില്‍ ഗതാഗതം പുനരാരംഭിച്ചു. എന്‍എച്ച് 66ല്‍ ചന്തപ്പടിക്കു സമീപം ഷാദി മഹലിനു മുന്നില്‍ തകര്‍ന്ന കലുങ്കിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്. പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുകൊണ്ടാണ് കല്‍വട്ട് പുനര്‍നിര്‍മിക്കുന്ന ഭാഗത്തെ റോഡ് പൂര്‍ണമായും പൊളിച്ചത്.
നേരത്തെ ഒരു മീറ്റര്‍ വീതിയിലും നാലു മീറ്റര്‍ നീളത്തിലുമായി രണ്ട് ഘട്ടങ്ങളിലായാണ് കലുങ്ക് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് ഘട്ടമായി നിര്‍മാണം നടത്തുമ്പോള്‍ കാലതാമസമെടുക്കുമെന്ന കാര്യം പരിഗണിച്ചാണ് ഗതാഗതം നിരോധിച്ച് റോഡ് പൂര്‍ണമായും പൊളിച്ച് പ്രവൃത്തികള്‍ നടത്താന്‍ തീരുമാനിച്ചത്. തൃക്കാവ് മേഖലയിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് അപകട ഭീഷണിയിലായ കലുങ്ക് പുനര്‍നിര്‍മിച്ചത്. ഗതാഗതം വഴിതിരിച്ചു വിട്ടിരുന്ന സമയത്ത് വാഹനകള്‍ക്ക് ഏറെ അസൗകര്യങ്ങളുണ്ടായിരുന്നുവെങ്കിലും യാത്രക്കാരെല്ലാം ഇതുമായി സഹകരിച്ചു.
21 ദിവസം കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. പറഞ്ഞ സമയത്തിനകം തന്നെ കലുങ്കിന്റെ പുനര്‍നിര്‍മാണ ജോലികള്‍ അധികൃതര്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it